photo-

പഴയങ്ങാടി: പാപ്പിനിശ്ശേരി പഴയങ്ങാടി കെ.എസ്.ടി.പി റോഡിലെ ഓവർബ്രിഡ്ജിൽ ടാറിംഗ് ഇളകി വലിയ കുഴി രൂപപ്പെട്ടു. തെരുവുവിളക്കുകളൊന്നും പ്രവർത്തിക്കാത്ത പാലത്തിൽ രാത്രികാലങ്ങളിലും മറ്റും വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാദ്ധ്യതയാണ് നിലവിലുള്ളത്.

ഇരുചക്ര വാഹന യാത്രക്കാർക്കാണ് കുഴി വലിയ ഭീഷണി സൃഷ്ടിക്കുന്നത്. മഴപെയ്തതോടെ കുഴിയിൽ വെള്ളം നിറഞ്ഞിട്ടുണ്ട്. റോഡിലൂടെ വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് കടന്നു പോകുന്നത്. താവം മേൽ പാലം നിർമ്മിച്ചത് മുതൽ പല കാലങ്ങളിലായി കൂഴി രൂപപ്പെട്ടിട്ടുണ്ട് ഇതിന് ശാശ്വതപരിഹാരം ഇതുവരെയുണ്ടായിട്ടില്ല. ഇരുഭാഗത്തുനിന്നും ഒരേസമയം വാഹനങ്ങൾ കടന്നുവരുമ്പോൾ ഗതാഗതസ്തംഭനത്തിന് തന്നെ ഇടയാകുന്നു. വലിയ ചരക്ക് വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെറുവാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാദ്ധ്യത ഏറെയാണിവിടെ. പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് തുറന്നുകൊടുത്തതിന് ശേഷം നൂറുകണക്കിന് വാഹനാപകടങ്ങളാണ് നടന്നത്. നിരവധി പേർക്ക് ഇങ്ങനെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

അവസാനിക്കാത്ത അറ്റകുറ്റപ്പണി

കോളിളക്കം സൃഷ്ടിച്ച പാലാരിവട്ടം പാലം നിർമ്മിച്ച ആർ.ഡി.എസ് കമ്പനിയാണ് പാപ്പിനിശ്ശേരി -പിലാത്തറ കെ.എസ്.ടി.പി റോഡിലെ പാപ്പിനിശ്ശേരി,​ താവം പാലങ്ങളും നിർമ്മിച്ചത്. നിർമ്മാണം പൂർത്തിയായ കാലം തൊട്ട് ഇടയ്ക്കിടെ തകരാറുകൾ തലപൊക്കിയിരുന്നു.നിർമാണം പൂർത്തിയായി മൂന്നു വർഷം കഴിയും മുമ്പ് തകരാറുകൾ സംഭവിച്ചതിനെ തുടർന്ന് ഇരുപാലങ്ങളിലും അറ്റകുറ്റപണികൾ വേണ്ടിവന്നു. പാലം നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. താവം മേൽപ്പാലത്തിൽ റെയിൽവേ സ്വന്തം മേൽനോട്ടത്തിൽ പാലത്തിന് മുകളിൽ പൂർത്തീകരിച്ച സ്പാനിന്റെ ഇരുഭാഗങ്ങളിലുമുള്ള എക്സ്പാൻഷൻ ജോയിന്റുകൾ 2019 ൽ തന്നെ ഇളകി തുടങ്ങിയിരുന്നു. ഇത് റെയിൽവേ നിർമ്മിച്ചതാണെങ്കിലും തുടർന്നുള്ള പരിപാലനം പൊതുമരാമത്ത് വകുപ്പിനാണ്.