kettitam
തകർന്ന കെട്ടിടങ്ങളിലൊന്ന്

തലശ്ശേരി: നഗര ഹൃദയത്ത് നൂറ്റാണ്ടോളം പഴക്കമുള്ള ജീർണ്ണിച്ച് ഏത് നിമിഷവും നിലം പൊത്താൻ പാകത്തിൽ നിൽക്കുന്ന കെട്ടിടങ്ങൾ പൊളിച്ച് മാറ്റാത്തതിനാൽ വാഹനങ്ങളും യാത്രികരും കാൽനട യാത്രക്കാരും ഒരുപോലെ ഭീതിയിലാണ്. നിരവധി വിദ്യാലയങ്ങളും നൂറ് കണക്കിന് തൊഴിൽ സ്ഥാപനങ്ങളുമുള്ള നഗരത്തിൽ തിരക്കൊഴിഞ്ഞ നേരമുണ്ടാകില്ല. ബി.ഇ.എം.പി. ഹൈസ്‌ക്കൂളിന് മുന്നിൽ എം.ജി.റോഡിലെ നിരനിരയായുള്ള കെട്ടിടങ്ങൾക്ക് നൂറ്റാണ്ടിന്റെ വയസ്സുണ്ട്. ഇവിടെ അപകടം പതിയിരിക്കുകയാണ്.

പല ഷോപ്പുകളുടേയും മുൻ ഭാഗം പെയിന്റടിച്ച് സുന്ദരമാക്കി വെച്ചത് കാണാം. പിൻഭാഗം പഴകി ജീർണ്ണിച്ച് വിള്ളൽ വീണിട്ടുണ്ട്. പനങ്കാവ് ലൈനിലെ കെട്ടിട സമുച്ചയം പൊളിച്ചു മാറ്റാൻ നഗരസഭ മൂന്ന് പതിറ്റാണ്ട് മുമ്പ് തന്നെ തീരുമാനിച്ചതാണ്. ഈ കെട്ടിടങ്ങളിൽ നിന്ന് നഗരസഭ ഇപ്പോഴും വാടക വാങ്ങുന്നുണ്ട്.
മെയിൻ റോഡിലെ സെയ്താർ പള്ളി മുതൽ പഴയ ബസ് സ്റ്റാൻഡ് ട്രാഫിക് ജംഗ്ഷൻ വരെയുള്ള പല കെട്ടിടങ്ങളും അനധികൃതമായി മുൻഭാഗം മാത്രം റിപ്പയർ ചെയ്ത് മോടി കൂട്ടിയെന്നും പറയുന്നു.
വളരെ തിരക്കേറിയ ഒ.വി.റോഡിൽ മൂന്നിൽ പരം കടമുറികളാണ് ജീർണ്ണതയിൽ ഏത് നിമിഷവും മഴയിൽ നിലം പൊത്താൻ കാത്ത് നിൽക്കുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെ ഒട്ടേറെ വഴി യാത്രക്കാരും, വാഹനങ്ങളുമാണ് ഇതു വഴി കടന്ന് പോവുന്നത്.

ഉത്തരവുണ്ട്, നടപ്പിലായില്ല

അപകട നിലയിലായ കെട്ടിടം പൊളിച്ച് മാറ്റാൻ കോടതി ഉത്തരവുണ്ടായിട്ടും, നഗരസഭാ അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്നുമാണ് പരാതി. ആഴ്ചകൾക്ക് മുമ്പാണ് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിലെ കെ.ആർ.ബിസ്‌ക്കറ്റ് കമ്പനി കാലപഴക്കത്തിൽ തകർന്ന് വീണത്. വൻ ദുരന്തമാണ് അന്ന് തലനാരിഴക്ക് ഒഴിവായത്.

മരങ്ങൾ വേരിറക്കിയ ചുമരുകൾ
പിയർ റോഡിൽ അറ്റകുറ്റപ്പണികൾ പോലും നടത്താത്ത കാലപ്പഴക്കമുള്ള കുടുസ്സായ മുറികളുള്ള രണ്ട് ലോഡ്ജുകളിൽ അന്യ സംസ്ഥാന തൊഴിലാളികളെ കുത്തി നിറച്ചിരിക്കുകയാണ്. പഴയ പൊലീസ് ക്വാർട്ടേസ്, പഴയ മുൻസിപ്പാൽ ഗസ്റ്റ് ഹൗസ് കെട്ടിടം എന്നിവയുടെ ചുമരുകളിൽ വലിയ മരങ്ങൾ തന്നെ വേരിറക്കിയിട്ടുണ്ട്. ചുമരുകളാവട്ടെ വിള്ളലുകളുണ്ടായ നിലയിലുമാണുള്ളത്.