കണ്ണൂർ: വളപട്ടണം പൊലീസിന് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതിയുടെ വീട്ടിലെ രണ്ട് സി.സി.ടി.വി കാമറകൾ നശിപ്പിച്ച ഒരാൾക്കെതിരെ കേസ്. ചിറക്കൽ മൂപ്പൻപാറ സ്വദേശി പി. ജ്യോതിഷിന് (31) എതിരെയാണ് വളപട്ടണം പൊലീസ് കേസെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് ജ്യോതിഷ് സി.സി.ടി.വി നശിപ്പിച്ചെന്ന് കണ്ടെത്തിയത്. 2023 നവംബർ മൂന്നിനാണ് സംഭവം. കേസിലെ പ്രതിയായ റോഷനെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ പൊലീസ് നിയമപരമായ നടപടികൾ ചെയ്ത് വരവെ ജ്യോതിഷ് ആരുടെയും ശ്രദ്ധയിൽപ്പെടാതെ വീടിനകത്ത് അതിക്രമിച്ച് കടന്ന് വീടിന്റെ വരാന്തയിലും വീടിന് മുകളിലത്തെ നിലയിലുമുള്ള രണ്ട് സി.സി.ടി.വി കാമറകൾ അടിച്ച് തകർത്തെന്നാണ് കേസ്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തമിഴ്നാട് സ്വദേശിയെ ആക്രമിച്ച കേസിൽ പ്രതിയായ റോഷനെ പിടികൂടാൻ വീട്ടിലെത്തിയപ്പോഴാണ് പൊലീസിന് നേരെ പ്രതിയുടെ പിതാവായ ബാബു ഉമ്മൻ തോമസ് വെടിയുതിർത്തത്. പ്രതിയായ റോഷന്റെ മുറിയിൽ മുട്ടിവിളിക്കുന്നതിനിടെ ബാബു പൊലീസിന് നേരെ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.