train
യാത്രാ ദുരിതം

കണ്ണൂർ: വർഷങ്ങളായി മലബാറിലെ ട്രെയിൻ യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാതെ അധികൃതർ.

രാവിലെയും വൈകീട്ടും യാത്രാക്ലേശം അനുഭവിക്കുമ്പോഴും ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും ആവശ്യങ്ങളെ മുഖവിലക്കെടുക്കാതെയാണ് റെയിൽവേ മുന്നോട്ടു പോകുന്നത്. നിലവിൽ പരശുറാം എക്സ്‌പ്രസ്, ചെന്നൈ എഗ്മോർ എക്സ്‌പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്‌പ്രസ്, നേത്രാവതി തുടങ്ങിയ സർവ്വീസുകളിൽ രൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്.

സതേൺ റെയിൽവ സ്റ്റേഷനിൽ വരുമാനത്തിൽ മികച്ച നേട്ടം കൈവരിക്കാൻ കണ്ണൂർ, കാസർകോട് റെയിൽവേ സ്റ്റേഷനുകൾക്ക് സാധിക്കുമ്പോഴും സർവ്വീസുകൾ മെച്ചപ്പെടുത്താൻ റെയിൽവെ അധികൃതർ തയ്യാറാകുന്നില്ല. കൊവിഡിനു മുൻപ് ഓടിയിരുന്ന മുഴുവൻ ട്രെയിനുകളും പുനഃസ്ഥാപിക്കാത്തതും ഹാൾട്ട് സ്റ്റേഷനുകളിലെ ഉൾപ്പെടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചതും സമയക്രമം മാറ്റിയതുമെല്ലാം യാത്രക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. ദേശീയപാത നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാലുള്ള ഗതാഗതക്കുരുക്കും വ‌ർദ്ധിക്കുന്ന ഇന്ധനവിലയുമെല്ലാം കണക്കിലെടുത്ത് യാത്രക്കാർ ധാരാളമായി ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്.

യാത്രാക്ലേശം രൂക്ഷമാകുമ്പോഴും റെയിൽവേ പ്രഖ്യാപിച്ച സർവീസുകൾ പോലും അനിശ്ചിതത്വത്തിലാണ്. ബംഗളൂരു- കണ്ണൂർ എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടി റെയിൽവേ ബോർഡ് ഇറക്കിയ ഉത്തരവ് അഞ്ച് മാസം കഴിഞ്ഞിട്ടും നടപ്പിലാക്കിയിട്ടില്ല. കൊവിഡ് കാലത്ത് നിർത്തലാക്കിയ കോഴിക്കോട് -തൃശൂർ പാസഞ്ചർ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് മുൻപേ റെയിൽവേ ബോർഡ് പ്രഖ്യാപിച്ച മംഗലാപുരം -രാമേശ്വരം സർവ്വീസും അനന്തമായി നീളുകയാണ് .


കണ്ണൂരിന്റെ വരുമാനം 113.33 കോടി

2023-24 വർഷത്തെ സതേൺ റെയിൽവേ സ്റ്റേഷനുകളുടെ വരുമാന നിരക്ക് പുറത്തുവന്നപ്പോൾ 16-ാം സ്ഥാനത്താണ് കണ്ണൂർ. 113 കോടി 33 ലക്ഷത്തിലധികം വരുമാനമാണ് കണ്ണൂർ നേടിയത്. മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനേക്കാൾ വരുമാനം കണ്ണൂരിലാണ്. സംസ്ഥാനത്ത് ഏറ്റവും വരുമാനമുള്ള ഏഴാമത്തെ സ്‌റ്റേഷനായി കണ്ണൂർ. സതേൺ റെയിൽവേ സ്റ്റേഷനുകളിൽ വരുമാനത്തിൽ 33-ാം സ്ഥാനത്താണ് കാസർകോട്. സംസ്ഥാനത്ത് 15-ാം സ്ഥാനവും. 47 കോടിയലധികമാണ് കാസർകോട്ടെ വരുമാനം

അടിയന്തരമായി ചെയ്യേണ്ടത്

1. കോഴിക്കോടിനും മംഗളൂരുവിനും ഇടയിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കുക,

2. മംഗളൂരുവിലും കോഴിക്കോട്ടും യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ മലബാറിലെ യാത്രക്കാർക്കു കൂടി പ്രയോജനപ്പെടുന്ന തരത്തിൽ പരിഷ്കരിക്കുക

3. നിലവിലെ ട്രെയിനുകളിൽ കൂടുതൽ ഡീ റിസർവ്ഡ് കോച്ചുകൾ അനുവദിക്കുക

4. ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടുക

5. കൊവിഡിനു മുമ്പുണ്ടായിരുന്ന ട്രെയിനുകൾ പുനഃസ്ഥാപിക്കുക

മലബാറിലെ യാത്രാക്ലേശം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെയും റെയിൽവേ ബോർഡ് ചെയർപേഴ്സൺ ജയവർമ സിൻഹയെയും നേരിൽ കണ്ട് പരാതി നൽകയിട്ടുണ്ട്. കാൻസൽ ചെയ്ത ട്രെയിനുകൾ പുനഃസ്ഥാപിക്കൽ, നഗരങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ മെമു സർവീസ്, ട്രാക്ക് സൗകര്യപ്പെടുത്തി വന്ദേഭാരത് മെട്രോ എന്നിവ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

എം.കെ. രാഘവൻ എം.പി

മലബാറിലേക്ക് പുതിയ വണ്ടികൾ അനുവദിക്കുന്നില്ലെന്നു മാത്രമല്ല, ഉള്ള ട്രെയിനുകളുടെ കോച്ച് വെട്ടിക്കുറുക്കുകയുമാണ്. ടി.ടി.ഇമാരും യാത്രക്കാരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണം റെയിൽവേയുടെ നടപടിയാണ്. പുതുതായി അനുവദിച്ച ഷൊർണൂർ -കണ്ണൂർ എക്സ്‌പ്രസ് റീഷെഡ്യൂൾ ചെയ്ത് ഏഴരയ്ക്ക് പുറപ്പെടുന്ന വിധത്തിൽ ക്രമീകരിച്ച് പരശുറാം എക്സ്‌പ്രസിന്റെ തിരക്ക് നിയന്ത്രിക്കണം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 11ന് കണ്ണൂരിൽ നിന്നും ചെറുവത്തൂരിലേക്ക് നിരാഹാര ട്രെയിൻയാത്ര സംഘടിപ്പിക്കും.

അഡ്വ. റഷീദ് കവ്വായി, ചെന്നൈ സോണൽ റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം.