palam-

മയ്യിച്ച ( കാസർകോട് ): ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കാര്യങ്കോട് പുഴയിൽ പണിത പുതിയ പാലം ഇന്ന് തുറക്കും. പഴയ പാലത്തിനെക്കാൾ 90 മീറ്റർ നീളക്കൂടുതലുള്ള പാലത്തിൽ മൂന്നുവരി പാതയാണ് ഒരുക്കിയിരിക്കുന്നത്. ഈ പാലം തുറന്നു കൊടുത്തിട്ട് ഒരാഴ്ചയ്ക്കകം പഴയ പാലം പൊളിച്ചു മാറ്റും.ആറുവരി പാതയുടെ ഭാഗമായ രണ്ടാമത്തെ പാലം നിർമ്മിക്കുന്നതിനായാണ് 61 വർഷം പഴക്കമുള്ള പഴയപാലം പൊളിക്കുന്നത്.

രണ്ടാമത്തെ പാലത്തിന്റെ പില്ലറുകളുടെ പ്രവൃത്തി നേരത്തെ തുടങ്ങിക്കഴിഞ്ഞു. പുതിയ റോഡ് പാലം പണി പൂർത്തിയായതിന് ശേഷം ഇരുഭാഗത്തേക്കുമുള്ള അപ്രോച്ച് റോഡിന്റെ പ്രവൃത്തി ദ്രുതഗതിയിലാണ് നടന്നത്. അതെ സമയം മയ്യിച്ചയിലെ ചെറിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല.

കൺമുന്നിൽ തെളിയും തേജസ്വിനിയുടെ ഭംഗി

പുതിയ പാലം തേജസ്വിനി പുഴയോരത്തിന്റെ സൗന്ദര്യത്തെ ആസ്വദിച്ചുകാണാവുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. ജില്ലയുടെ ടൂറിസം മേഖലയിൽ വലിയ പ്രതീക്ഷയുമായി എത്തുന്ന റെയിൻബോ പദ്ധതി നിലവിൽ വരുന്ന വീരമലയുടെ മനോഹരമായ കാഴ്ച ഈ പാലത്തിലൂടെ സഞ്ചരിക്കുന്നവർക്ക് കാണാം.ഇതിനകം തന്നെ വൈകുന്നേരങ്ങളിൽ പാലത്തിന് മുകളിലേക്ക് ഒട്ടേറെ ആളുകളാണ് എത്തുന്നത്. കോട്ടപ്പുറം മാത്രം കേന്ദ്രീകരിച്ച് മാടക്കാൽ ഭാഗത്തേക്ക്‌ പോയി മടങ്ങി വന്നിരുന്ന ഹൗസ് ബോട്ടുകൾക്ക് കിഴക്കൻ ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്താൻ കഴിയും വിധം പഴയപാലത്തിനേക്കാൾ ഏറെ ഉയരത്തിലാണ് പുതിയ പാലം നിർമ്മിച്ചിട്ടുള്ളത്.

പഴയപാലം ഇനി ചരിത്രം

1963 ഏപ്രിൽ 17ന് അന്നത്തെ മുഖ്യമന്ത്രി ആർ ശങ്കറാണ് പഴയ കാര്യങ്കോട് പാലം ഉദ്ഘാടനം ചെയ്തത്. ഇതിന് മുമ്പ് കാര്യംങ്കോട് പഴയകടവിൽ നിന്ന് ചങ്ങാടത്തിലാണ് ആളുകൾ മറുകരയിൽ എത്തിയിരുന്നത്. അശോക, ആനന്ദ് എന്നീ ബസ്സുകളാണ് അന്ന് കണ്ണൂരിൽ നിന്ന് കാര്യംങ്കോട് വരെ സർവീസ് നടത്തിയിരുന്നത്. ഒരു ദിവസം വൈകുന്നേരം വന്ന് പിറ്റേന്ന് രാവിലെ കണ്ണൂരിലേക്ക് പോകുന്ന വിധത്തിലായിരുന്നു ബസ് സർവീസ്. ചങ്ങാടത്തിൽ ആളുകളെ മറുകരയിൽ എത്തിക്കാൻ തുഴഞ്ഞിരുന്ന തൊഴച്ചിലുകാരിൽ ഒരാളായ മയ്യിച്ചയിലെ അമ്പുവിന്റെ ഓർമ്മകളിൽ ഇന്നും ആ പഴയ ചെറുപ്പകാലം ഉണ്ട്. അവിഭക്ത കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു അന്ന് ആ പ്രദേശം.

കാര്യങ്കോട്ടെ പുതിയ പാലം

302 മീറ്റർ നീളം

16 മീറ്റർ വീതി

9 തൂണുകൾ

8 സ്‌പാൻ