thavoory
രാമന്തളി താവുരിയാട്ട് ക്ഷേത്രം ഭണ്ഡാരം കുത്തി തുറന്ന നിലയിൽ

പയ്യന്നൂർ: രാമന്തളിയിൽ കവർച്ച തുടർക്കഥകളാകുന്നു. ഏതാനും ദിവസം മുൻപ് വരെ വീടുകളിലാണ്, പ്രത്യേകിച്ചും പൂട്ടിയിട്ട വീടുകളിലാണ് കവർച്ച അരങ്ങേറിയതെങ്കിൽ ഇപ്പോൾ ക്ഷേത്ര ഭണ്ഡാരങ്ങൾക്കാണ് രക്ഷ ഇല്ലാതായത്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം രാമന്തളി താവൂരിയാട്ട് ക്ഷേത്ര ഭണ്ഡാരമാണ് കവർച്ചക്കിരയായത്. ഇതിന് തൊട്ട് മുൻപ് രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പടിഞ്ഞാറെ നടയിലെ ഭണ്ഡാരവും ശങ്കരനാരായണ ക്ഷേത്രത്തിന് സമീപമുള്ള തിരുവമ്പാടി ക്ഷേത്ര ഭണ്ഡാരവുമാണ് കുത്തി പൊളിച്ച് കവർച്ച ചെയ്തത്.

അടുത്തിടെ രാമന്തളിയിൽ പൂട്ടിയിട്ട വീടുകൾ ഉൾപ്പെടെ എട്ട് സ്ഥലങ്ങളിൽ കവർച്ചകൾ നടന്നിരുന്നു. കരിവെള്ളൂർ പെരളം വെരീക്കര ഭഗവതി ക്ഷേത്ര ഭണ്ഡാരവും കവർച്ചക്കിരയായി. ക്ഷേത്ര മുറ്റത്തെ ഭണ്ഡാരമാണ് കുത്തി പൊളിച്ച് പണം കവർന്നത്. കാലവർഷം ആരംഭിച്ചതോടെ പയ്യന്നൂരും പരിസരങ്ങളിലും മോഷ്ടാക്കളുടെ ശല്യം വർദ്ധിച്ചിരിക്കുകയാണ്.

40 പവൻ പോയ വഴി

കണ്ടെത്താനായില്ല

പെരുമ്പയിൽ വീട്ടുകാർ മുകളിലെ നിലയിൽ ഉറങ്ങിക്കിടക്കവേ താഴത്തെ നിലയിൽ വീടിന്റെ മുൻവാതിൽ കുത്തി പൊളിച്ച് അകത്ത് ഷെൽഫിൽ സൂക്ഷിച്ചിരുന്ന 40 പവൻ സ്വർണ്ണാഭരണങ്ങളും 4000 രൂപയും കവർച്ച ചെയ്ത സംഭവത്തിൽ ഇതുവരെയും മോഷ്ടാവിനെ പിടികൂടുവാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മേയ് 21ന് രാത്രിയാണ് പെരുമ്പ ആമ്പിലേരി കോളനിക്ക് സമീപം വി.പി.ആമു, സി.എച്ച്.സുഹറ ദമ്പതികളുടെ വീട്ടിൽ കവർച്ച നടന്നത്.

തെളിഞ്ഞത് കുമ്പളയിലെ മോഷണം

കേസ് അന്വേഷണത്തിന്റെ ഭാഗമായി പയ്യന്നൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക

ക്രൈം സ്‌ക്വാഡ് കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് മംഗളൂരു ഉപ്പിനങ്ങാടി സ്വദേശി അഷറഫലിയെ പിടികൂടി ചോദ്യം ചെയ്‌തപ്പോൾ, മഞ്ചേശ്വരം -കുമ്പള തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലെ നിരവധി കവർച്ച കേസ്സുകളിലെ പ്രതിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുമ്പള പൊലീസിന് കൈമാറിയിട്ടാണുള്ളത്.