പാപ്പിനിശ്ശേരി: പുഴയോര വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പ്രധാന കേന്ദ്രമായി മാറ്റാനായി വളപട്ടണം പുഴയിൽ പാപ്പിനിശ്ശേരി പാറക്കലിൽ സ്ഥാപിച്ച ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് മാലിന്യത്തിൽ മൂടി. കാലവർഷം കനത്തതോടെ മലയോര മേഖലയിൽ നിന്നടക്കം വളപട്ടണം പുഴയിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളുടെ ഒരു ഭാഗം പൂർണമായി പുഴയിൽ സ്ഥാപിച്ച ഫ്ളോട്ടിംഗ് ബ്രിഡ്ജിനരികെ തങ്ങിനിൽക്കുകയാണ്.
മഴയും പുഴയിലെ ഒഴുക്കും കൂടുന്നതനുസരിച്ച് തങ്ങിനിൽക്കുന്ന മാലിന്യങ്ങളുടെ അളവ് നാൾക്കുനാൾ കൂടുകയാണ്. ഫ്ളോട്ടിംഗ് ബ്രിഡ്ജിന് സമീപം പാറക്കലിൽ സ്ഥാപിച്ച ബോട്ട് ടെർമിനലിനും മാലിന്യങ്ങൾ അടിഞ്ഞ് കൂടിയിട്ടുണ്ട്.
പാപ്പിനിശ്ശേരിയിലെ പാറക്കലിൽ നല്ല സൗകര്യങ്ങളോടെ ബോട്ട് ടെർമിനലും വെനീസ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെയും നിർമ്മാണം പൂർത്തിയായിട്ടും തുടർനടപടിയൊന്നും ഇനിയും ഉണ്ടായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് സൗകര്യങ്ങൾ ഒരുക്കിയത്. ഇതിന് 1.9 കോടിയാണ് പദ്ധതി ചെലവ്.
മാലിന്യം അടിഞ്ഞുകൂടി
കഴിഞ്ഞവർഷവും
ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് വളപട്ടണം ബോട്ട് ടെർമിനലിന് സമീപമാണ് ആദ്യം നിശ്ചയിച്ചത്. അതിന് അനുസരിച്ച് നിർമ്മാണവും തുടങ്ങിയിരുന്നു. സമാന രീതിയിൽ കഴിഞ്ഞവർഷവും വളപട്ടണത്ത് ഫ്‌ളോട്ടിംഗ് ബ്രിഡ്ജിൽ മാലിന്യം കുമിഞ്ഞ് കൂടിയതിനെ തുടർന്ന് നാട്ടുകാർ വൻ പ്രതിഷേധം ഉയർത്തി. തുടർന്ന് അവ കരയ്ക്ക് മാസങ്ങളോളം കൂട്ടിയിട്ടിരുന്നു. ആ സാമഗ്രികളാണ് പിന്നീട് പാറക്കലിൽ എത്തിച്ച് ഫ്‌ളോട്ടിംഗ് ബ്രിഡ്ജും ടെർമിനലും നിർമ്മിച്ചത്. കഴിഞ്ഞ വർഷത്തെ പോലെ തന്നെയാണ് ഇക്കുറിയും മാലിന്യം അടിഞ്ഞ് കൂടിയത്.