moshtav

നീലേശ്വരം: സി.ഐ.ടി.യു നേതാവ് ഒ.വി.രവീന്ദ്രന്റെ ചിറപ്പുറം മിനിസ്റ്റേഡിയത്തിന് സമീപത്തെ വീട്ടിൽ നിന്നും പതിനേഴര പവൻ കവർന്ന് കോഴിക്കോട് നഗരത്തിലെ ഒരു ലോഡ്ജിൽ വിശ്രമിക്കുകയായിരുന്ന കൊല്ലം ഏഴുകോൺ സ്വദേശിയായ മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി നീലേശ്വരം പൊലീസ്. പട്ടാപ്പകൽ കവർച്ച നടത്തുന്നതിൽ വിരുതനായ ഏഴുകോൺ ഇടക്കിടം അഭിവിഹാറിലെ എസ്.അഭിരാജിനെ(31)യാണ് കൃത്യമായ ഇടപെടലിലൂടെ നീലേശ്വരം സി.ഐ കെ.വി.ഉമേശൻ, എസ്.ഐമാരായ ടി.വിശാഖ്, കെ.വി.രതീശൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.

കാസർകോട് സൈബർ സെല്ലിന്റെയും കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് ആയ ഡാൻസാഫിന്റെയും സഹായത്തോടെയായിരുന്നു നീലേശ്വരം പൊലീസ് അതിവേഗത്തിൽ മോഷ്ടാവിനെ കുടുക്കിയത്. രവീന്ദ്രന്റെ വീടായ തിരുവോണത്തിൽ നിന്ന് പതിനേഴര പവൻ സ്വർണവും 8000 രൂപയും വ്യാഴാഴ്ച പട്ടാപ്പകലാണ് കവർന്നത്. വീട്ടിലെ സിറ്റൗട്ടിലുള്ളതും പരിസരത്തെയും സി സി ടി.വികളിൽ നിന്നും ശേഖരിച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും സ്ഥിരം കുറ്റവാളികളുടെ ലിസ്റ്റിൽ ജയിലിന് പുറത്തുള്ളവരെക്കുറിച്ച് അന്വേഷണം നടത്തിയുമാണ് പ്രതിയിലേക്ക് എത്താനായത്. കൃത്യം നടന്ന വീട്ടിൽ നിന്നും രാത്രി തന്നെ ഡോഗ് സ്ക്വാഡിന്റെയും ഫോറൻസിക് വിദഗ്ധരുടെയും സഹായത്തോടെ ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. ഇവയെല്ലാം വിശകലനം ചെയ്ത് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി കോഴിക്കോട്ടെ ഒരു ലോഡ്ജിൽ കഴിയുന്നതായി വ്യക്തമായി. കോഴിക്കോട് പൊലീസുമായി ബന്ധപ്പെട്ട് ഈയാളെ ബന്തവസിലാക്കി പൊലീസ് സംഘം സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കകയായിരുന്നു. നീലേശ്വരം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ പി.വി.ശ്രീജിത്ത്, അമൽ രാമചന്ദ്രൻ, ജയേഷ്, ഹോംഗാർഡ് ഗോപിനാഥ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

തിരക്കേറിയ ഇടങ്ങൾ ഇഷ്ടം ; കയറുന്നത് അടുക്കള വാതിൽ വഴി

ജനവാസ കേന്ദ്രങ്ങളിലെ വീടുകളിൽ യാതൊരു കൂസലുമില്ലാതെ കടന്നുചെന്ന് കോളിംഗ് ബെൽ അടിച്ച് ആളില്ലെന്ന് ഉറപ്പുവരുത്തിയാണ് അഭിരാജിന്റെ പതിവ്. അടുക്കള ഭാഗത്തെ ഗ്രിൽസും വാതിലും തകർത്ത് കവർച്ച നടത്തി സാധനങ്ങളുമായി അതെ വഴിയിൽ ഇറങ്ങുന്നതാണ് ഈയാളുടെ രീതി. അടുക്കള ഭാഗത്ത് അടച്ചുറപ്പില്ലാത്ത വാതിലുകളായിരിക്കുമെന്നതാണ് അധികം മോഷ്ടാക്കളും ഈ വഴി തിരഞ്ഞെടുക്കുന്നതെങ്കിലും ലോഹ വാതിലുകൾ വരെ പൊളിച്ച് അകത്തു കയറുന്നതിൽ വിദഗ്ധനാണ് ഈയാളെന്ന് നീലേശ്വരം സി.ഐ കെ.വി.ഉമേശൻ പറഞ്ഞു. ഇയാൾക്കെതിരെ 2021 മുതൽ 2023 വരെയുള്ള കാലയളവിൽ വിവിധ സ്റ്റേഷനുകളിലായി 13 കേസുകൾ ഉണ്ട്.