photo-

പഴയങ്ങാടി:ചെറുതാഴം രാമപുരത്തെ ആസിഡ് ചോർച്ച പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ സമീപത്തെ നഴ്സിംഗ് കോളേജിലെ പത്ത് വിദ്യാർത്ഥികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിട്ടാണ് പഴയങ്ങാടി രാമപുരത്ത് ഹൈഡ്രാക്ലോറിക്ക് ആസിഡുമായി പോകുന്ന ടാങ്കർ ലോറിയുടെ വാൾവിലൂടെ ആസിഡ് ചോർന്നത്. ഇന്നലെ രാവിലെ ഇതുവഴി കടന്നുപോയ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

അഫ്‌സാന(20), ഫാത്തിമത്ത് സഫ്ന(21) എന്നീ വിദ്യാർത്ഥികളെ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സാന്ദ്ര (20),അമീഷ(19), റുമൈന (21), ജ്യോതിലക്ഷ്മി (22), അപർണ(21), ഹിബ (21),രേണുക(21).അർജുൻ(21) എന്നീ വിദ്യാർത്ഥികളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇവരെ ആരോഗ്യനില വീണ്ടെടുത്ത ശേഷം ഡിസ്ചാർജ് ചെയ്തു.

ഇന്നലെ ഉച്ചയോടു കൂടിയാണ് വാൾവ് ശരിയാക്കി ചോർച്ച തടഞ്ഞത്. എം.വിജിൻ എം.എൽ.എ, പയ്യന്നൂർ ഡിവൈ.എസ്.പി എ.ഉമേഷ് എന്നിവർ ആശുപത്രിയിൽ വിദ്യാർത്ഥികളെ സന്ദർശിച്ചു.നഴ്സിംഗ് വിദ്യാർഥിനിയായ എസ്.അഫ്‌സാനയുടെ പരാതിയിൽ പരിയാരം പൊലീസ് കേസെടുത്തു. കല്യാശ്ശേരി ബ്ലോക്ക് പ്രസിഡന്റെ പി.പി.ഷാജിർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ പി.ടി.അനി, ചെറുതാഴം മെഡിക്കൽ ഓഫീസർ ഡോ.മനേഷ് ,ഹെൽത്ത് ഇൻസ്പെക്ടർ സനിൽ ,പി.ഷനോജ്, ഗോപാലകൃഷ്ണൻ ,പി.പി.വി ഉമേഷ്, അംബുജാക്ഷൻ എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു.