പഴയങ്ങാടി: ചെറുതാഴം രാമപുരത്ത് ടാങ്കർ ലോറിയിൽ നിന്ന് ഹൈഡ്രോക്ലോറിക് ആസിഡ് ചോർച്ചയെ തുടർന്ന് പരിസരത്തെ വീടുകളിലെ കിണറുകൾ ഉപയോഗശൂന്യമായി. നെട്ടൂർ മോഹനൻ, നെട്ടൂർ വത്സൻ, സത്യൻ എന്നിവരുടെ വീടുകളിലെ കിണറുകൾ ആണ് ഉപയോഗശൂന്യമായത്. ശുദ്ധമായിരുന്ന വെള്ളം കലങ്ങി വെളുത്ത കളർ ആയിട്ടുണ്ട്. കൂടാതെ വെള്ളത്തിന് പുളി രസവും വെള്ളം ചൂടാക്കിയാൽ ചുവന്ന കളർ ആവുന്ന പ്രതിഭാസമാണ് ഉള്ളത്.
ആരോഗ്യവകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് സ്വന്തം ചെലവിൽ വെള്ളം പരിശോധനക്ക് അയക്കുവാൻ നിർദ്ദേശിക്കുകയായിരുന്നു. വീട്ടുടമസ്ഥർ പയ്യന്നൂരിൽ ഉള്ള ലാബിൽ വെള്ളം പരിശോധനക്കായി കൊടുത്തിട്ടുണ്ട്. ആസിഡ് ചോർച്ചയെ തുടർന്ന് സമീപത്തെ കോളേജിലെ പത്തോളം വിദ്യാർത്ഥികൾക്ക് ശ്വാസ തടസ്സം നേരിട്ടിരുന്നു. വീടുകളിലെ കിണറുകളിൽ ഉള്ള പ്രശ്നം ഗൗരവകരമായി പരിശോധിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.വിജിൻ എം.എൽ.എ പറഞ്ഞു.