suryakandi
തലശ്ശേരി ജഗന്നാഥ ക്ഷേത്ര സന്നിധിയിൽ വിരിഞ്ഞ സൂര്യകാന്തിപ്പൂക്കൾ

തലശ്ശേരി: നിരനിരയായി ഗജമണ്ഡപത്തിനും ക്ഷേത്രാങ്കണത്തിനും മുന്നിൽ പൂത്തുലഞ്ഞ് നിൽക്കുന്ന സൂര്യകാന്തിപ്പൂവുകൾ തീർത്ഥാടകരേയും സന്ദർശകരേയും ജഗന്നാഥ സവിധത്തിലേക്ക് മാടി വിളിക്കുന്നു.
കഴിഞ്ഞ വർഷവും ഇതേ സീസണിൽ ജഗന്നാഥ ക്ഷേത്രത്തിന്റെ പ്രവേശന കവാടങ്ങളിലും, താഴെ ആൽത്തറക്കടുത്ത വയലിലും സൂര്യകാന്തി പൂക്കൾ കൂട്ടത്തോടെ വിരിഞ്ഞ് നിൽക്കുന്നത് കാണാൻ പ്രകൃതി സ്‌നേഹികളും വിവിധ വിദ്യാലയങ്ങളിലെ കുട്ടികളുമടക്കം അനേകം പേർ എത്തിയിരുന്നു.
ഗുരുവിന്റെ ഉദ്യാന, വയൽ സങ്കത്പങ്ങളെ സാക്ഷാത്കരിച്ചാണ് ക്ഷേത്രത്തിനു ചുറ്റിലും ദശപുഷ്പങ്ങൾക്ക് പുറമെ പലതരം പൂച്ചെടികളും ഇടം പിടിച്ചതെന്ന് ജ്ഞാനോദയോഗം അദ്ധ്യഷൻ അഡ്വ. കെ. സത്യൻ പറഞ്ഞു. ചെമ്പരത്തിയും തെച്ചിയുമടക്കം തുളസിമുതൽ കറുക വരെയുള്ള ക്ഷേത്രാവശ്യങ്ങൾക്കുള്ള പൂച്ചെടികളും ധാരാളമായുണ്ട്. മുന്നിലെ വിശാലമായ വയലിൽ നെൽകൃഷിയും ചോള കൃഷിയും നടത്തിവരാറുണ്ട്. ജാതി മത ഭേദമെന്യേ ഗുരുവിന്റെ പുണ്യ ഭൂമിയിൽ കൃഷി ചെയ്യാൻ മുബാറക്ക് ഹയർസെക്കൻഡറി സ്‌കൂളിലേതടക്കം വിദ്യാർത്ഥി വിദ്യാർത്ഥിനികളും വന്നെത്താറുണ്ട്.

സൂര്യകാന്തി

വാർഷിക സസ്യമായ സൂര്യകാന്തിയുടെ തണ്ട് മൂന്നു മീറ്റർ വരെ വളരാറുണ്ട്. 30 സെന്റീമീറ്റർ വരെ വ്യാസത്തിലുള്ളതാണ് പൂവുകൾ. ഇവയിൽ വലിയ വിത്തുകളും കാണാം. ജന്മദേശം അമേരിക്കയായ ഈ സസ്യത്തിന്റെ കുടുംബം 'ആസ്റ്ററാസീയേ' ആണ്. സൂര്യകാന്തി പാചക എണ്ണ വളരെ പ്രചാരം നേടിയിട്ടുണ്ട്. നാരുകൾ കൂടുതലുള്ളതുകൊണ്ട് പേപ്പർ നിർമ്മാണത്തിനും കാലിത്തീറ്റാ മിശ്രിതമായും സൂര്യകാന്തി ഇല ഉപയോഗിക്കാമെന്ന് തോട്ടത്തിന്റെ ചുമതലക്കാരനായ കർണ്ണാടക സ്വദേശി ശിവൻ പറഞ്ഞു. ഇവയുടെ വിത്തുകൾ ഉപ്പ് ചേർത്തോ ചേർക്കാതെയോ കടകളിൽ ലഭ്യമാണ്.