ദൈവത്തിന്റെ പ്രതിനിധികളായാണ് ഡോക്ടർമാരെ രോഗികൾ പലപ്പോഴും കാണുന്നത്. ആ വിശ്വാസത്തിന് അടിയറ ഇട്ട, ജനപ്രിയചികിത്സകനായി ഒരായുസ്സ് തന്നെ സമർപ്പിച്ച ചികിത്സകനാണ് കണ്ണൂരിലെ ഡോക്ടർ രൈരുഗോപാൽ.
കാരുണ്യത്തിന്റെ ഒരു വാക്ക്.. സാന്ത്വനത്തിന്റെ ഒരു സ്പർശം.. വേദനകൾ മാറാൻ അതു മാത്രം മതി. മരുന്നുകൾക്കുമപ്പുറമുള്ള മായികമായ ഒരു ദിവ്യശേഷി സ്‌നേഹാർദ്രമായ രോഗീപരിചരണത്തിനുണ്ടെന്ന് അനുഭവ സാക്ഷ്യങ്ങളായി എത്രയോ പേർ ഡോക്ടർക്ക് മുന്നിലുണ്ട്. ഈ രോഗീപരിചരണ നൈപുണ്യമാണ് ഡോക്ടറുടെ മികവ്.
ആതുര സേവന രംഗത്ത് കാലത്തിന്റെ കൈയൊപ്പ് ചാർത്തിയ ഡോക്ടറെ ഐ.എം.എ സംസ്ഥാനത്തെ മികച്ച കുടുംബഡോക്ടർക്കുള്ള അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. ആതുരസേവനം കച്ചവടമാകുന്ന കാലത്ത് സൗജന്യനിരക്കിൽ കണ്ണൂരിന്റെ ആരോഗ്യം കാത്ത ജനപ്രിയ ഡോക്ടർ രൈരു ഗോപാൽ പരിശോധന നിർത്തുമ്പോൾ18 ലക്ഷം രോഗികൾക്ക് മരുന്നും സ്‌നേഹവും കുറിച്ചുകൊടുത്താണ് വിശ്രമജീവിതത്തിലേക്ക് കടന്നത്.
രോഗികൾക്ക് മുന്നിൽ അര നൂറ്റാണ്ടിലേറെക്കാലം ഒരിക്കലും അടയാത്ത വാതിലുകൾ തുറന്ന് വെച്ച ഡോക്ടർ വാർദ്ധക്യ സഹജമായ തന്റെ ശാരീരികാവശതകൾ പിടിമുറുക്കിയപ്പോൾ ഒരു നാൾ തന്റെ വീട്ടിന്റെ ഉമ്മറത്ത് ഇങ്ങിനെ എഴുതി വെച്ചു
'എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിർത്തുകയാണ്.'
കരുതലിന്റെയും ആശ്വാസത്തിന്റെയും തലോടലാണ് ഈ മനുഷ്യന്റെ സാന്നിധ്യംപോലും. ഒരു പിതാവോ, സഹോദരനോ നൽകുന്ന അതേ കരുതലോടെ തന്റെ മുന്നിലെത്തുന്നവരെ പരിചരിക്കുന്ന ഈ മനുഷ്യൻ ഒരു നാടിന്റെ തന്നെ കുടുംബ ഡോക്ടറായത് സ്വാഭാവികം.
രണ്ടുരൂപ ഡോക്ടർ
ഇങ്ങനെയൊരു ഡോക്ടർ വേറെയുണ്ടാവില്ലെന്നാണ് കണ്ണൂരുകാർ പറയുന്നത്. രണ്ടു രൂപ ഡോക്ടർ എന്ന പേരിലാണ് രൈരു ഗോപാൽ അറിയപ്പെട്ടിരുന്നത്. മരുന്നും പരിശോധനയും അടക്കം നാൽപ്പതോ അമ്പതോ രൂപ മാത്രമാണ് രോഗികളിൽനിന്നും വാങ്ങുക. പരിശോധനക്കായി ഒരിക്കൽ ഒരുവീട്ടിലെത്തിയപ്പോൾ കണ്ട ദയനീയാവസ്ഥയാണ് രൈരു ഡോക്ടറെ സേവനത്തിന്റെ വഴിയിലെത്തിച്ചത്. രോഗികളുടെ സമയം വിലപ്പെട്ടതാണെന്ന് മനസിലാക്കിയായിരുന്നു ഡോ. രൈരു ഗോപാലിന്റെ പ്രവർത്തനം. ജോലിക്കു പോകേണ്ട തൊഴിലാളികൾക്കും കൂലിപ്പണിക്കാർക്കും വിദ്യാർത്ഥികൾക്കുമെല്ലാം സൗകര്യപ്രദമാകുന്ന വിധത്തിൽ പുലർച്ചയാണ് പരിശോധന. യൗവനകാലത്ത് പുലർച്ചെ മൂന്ന് മുതൽ ഡോക്ടർ പരിശോധന തുടങ്ങിയിരുന്നു. അന്ന് മുന്നൂറിലേറെ രോഗികളുണ്ടാകുമായിരുന്നു.
ആരോഗ്യം കുറഞ്ഞതോടെ രോഗികളുടെ എണ്ണവും ക്രമേണ കുറച്ചു. ഭാര്യ ഡോ. ശകുന്തളയും പരിശോധനയിൽ സഹായിക്കാനുണ്ടാകും. മകൻ ഡോ. ബാലഗോപാലും പിതാവിന്റെ പാതയിൽ തന്നെ. പരിശോധിക്കാൻ വയ്യാതായതോടെയാണ് ഒ.പി നിർത്തിയത്.