sunny
അയ്യൻകുന്ന് പഞ്ചായത്തിലെ വന്യമൃഗ ശല്യം ചർച്ച ചെയ്യാൻ എ.കെ.സി.സി കരിക്കോട്ടക്കരി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന യോഗം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി, ഈന്തുംകരി, എടപ്പുഴ, വാളത്തോട് മേഖലകളിൽ വന്യജീവി ശല്യം അധികരിച്ചതോടെ എ.കെ.സി.സി കരിക്കോട്ടക്കരി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കർഷകരുടെ പ്രതിഷേധം. കാട്ടാന ഇറങ്ങി കൃഷികൾ വ്യാപകമായി നശിപ്പിച്ച് തുടങ്ങിയതോടെയാണ് എ.കെ.സി.സി കരിക്കോട്ടക്കരി യൂണിറ്റിന്റെ നേതൃത്വത്തിൽ പാരിഷ് ഹാളിൽ യോഗം വിളിച്ചചേർത്തത്. യോഗം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കരിക്കോട്ടക്കരി ഇടവക വികാരി ഫാ. കുര്യാക്കോസ് കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. അയ്യൻകുന്ന് പഞ്ചായത്തിന്റെ 46 കിലോമീറ്റർ വരുന്ന വനാതിർത്തിയിൽ നിലവിൽ 10 കിലോമീറ്റർ ദൂരം ഫെൻസിംഗ് പൂർത്തിയാക്കിയെങ്കിലും പ്രവർത്തന ക്ഷമം അല്ല. ആറളം ഫാമിൽ നിന്നും ഓടിക്കുന്ന ആനകൾ കൂടി എത്തിയതോടെ മേഖലയിൽ ആനകൾ ദിവസവും കൃഷികൾ നശിപ്പിക്കുകയാണ്.

യോഗത്തിൽ അയ്യൻകുന്ന് പഞ്ചായത്ത് പ്രിസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, പഞ്ചായത്ത് അംഗങ്ങളായ വി.ജെ.ജോസഫ്, ഷൈനി ചിറ്റക്കാട്ട്, എടപ്പുഴ പള്ളി വികാരി ഫാ. പോൾ കുര്യക്കാട്ടിൽ, കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷൻ എസ്.ഐ അജിത്ത്, എ.കെ.സി.സി യൂണിറ്റ് പ്രസിഡന്റ് കെ.സി.ചാക്കോ, പി.എസ്.തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.

ജനകീയ കമ്മിറ്റി സോളാർ വേലി

പ്രവൃത്തി ഏറ്റെടുക്കും

അയ്യൻകുന്നിൽ മാത്രം സോളാർ വേലി നിർമ്മിക്കാൻ 1.77 കോടി രൂപയിൽ അധികം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ടെൻഡർ എടുക്കാൻ ആളില്ലാത്ത സാഹചര്യം ഡപ്യൂട്ടി റേഞ്ചർ കെ.ജിജിൽ യോഗത്തെ അറിയിച്ചു. എം.എൽ.എയുടെ നിർദേശപ്രകാരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനം വകുപ്പിന്റെ സഹകരണത്തോടെ ജനകീയ കമ്മിറ്റി രൂപീകരിച്ച് അടിയന്തരമായി സബ് കോൺട്രാക്ട് വ്യവസ്ഥയിൽ സോളാർ വേലി നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. പ്രദേശവാസികളുടെ സഹകരണത്തോടെ മാത്രമേ നിർമ്മാണം നടത്താൻ കഴിയുകയുള്ളെന്നും വേലി നിർമ്മിക്കുക മാത്രമാണ് ഇതിന് പരിഹാരം എന്നും നാളെ നിയമസഭയിൽ ഈ വിഷയം ഉന്നയിക്കുമെന്നും എം.എൽ.എ അറിയിച്ചു.