logo-
ലോഗോ

നേത്രാവതിക്ക് ശേഷം മംഗളൂരു ട്രെയിൻ പുലർച്ചെ മാത്രം

കാസർകോട്: മൺസൂൺ കാലത്തെ കൊങ്കൺ പാതയിൽ ഓടുന്ന ട്രെയിനുകളുടെ സമയമാറ്റവും കോഴിക്കോട് - മംഗളൂരു റൂട്ടിൽ യാത്രക്കാരുടെ ദുരിതം ഇരട്ടിപ്പിക്കുന്നു. കോഴിക്കോട് ഭാഗത്തുനിന്ന് വൈകുന്നേരങ്ങളിൽ ട്രെയിനുകൾ ഇല്ലാത്തതാണ് ഉത്തരകേരളത്തിലെ യാത്രക്കാർക്ക് വിനയാകുന്നത്. വൈകുന്നേരം അഞ്ചിന് മുംബയ് കുർളയിലേക്കുള്ള നേത്രാവതി വന്നു കഴിഞ്ഞാൽ പിന്നെ ട്രെയിൻ ഇല്ല. പുലർച്ചെയുള്ള വെസ്റ്റ്‌ കോസ്റ്റ് എക്സ്‌പ്രസ് കിട്ടാൻ കാത്തിരിക്കണം കാസർകോട്, മംഗളൂരു പിടിക്കാൻ. ഈ സമയങ്ങളിൽ കൊങ്കൺ സ്പെഷ്യൽ ട്രെയിനുകളും കുറവാണ്.

നേത്രാവതി കോഴിക്കോട് നിന്നു വന്നാൽ ഒരു മണിക്കൂർ കഴിഞ്ഞാണ് കണ്ണൂർ ട്രെയിൻ വരുന്നത്. അത് പാസഞ്ചർ പോലെ എല്ലായിടത്തും നിർത്തിയാണ് വരുന്നത്. പുതിയ ഷൊർണ്ണൂർ പാസഞ്ചറും നേത്രാവതിക്ക് മുമ്പാണ് കണ്ണൂരിലേക്ക് പോവുക. നേത്രാവതിയിൽ വാതിലിൽ തൂങ്ങിപിടിച്ചാണ് യാത്രക്കാർ ട്രെയിനിൽ കണ്ണൂർ, കാസർകോട് ഭാഗത്തേക്ക്‌ വരുന്നത്. അപകടം തടയാൻ ആർ.പി.എഫും റെയിൽവേ ജീവനക്കാരും പിറകെ വരുന്ന ട്രെയിനിൽ കയറാൻ പറയുന്നുണ്ടെങ്കിലും ആരും കേൾക്കാറില്ല.

നേത്രാവതിക്ക് മുമ്പുള്ള പുതിയ ട്രെയിൻ കാസർകോട് വരെ നീട്ടുകയും വൈകീട്ട് നേത്രാവതി എക്സ്‌പ്രസ് വന്നതിന് ശേഷമുള്ള പാസഞ്ചറും കാസർകോട് വരെ അല്ലെങ്കിൽ മംഗ്ളൂരു വരെ നീട്ടുകയും ചെയ്താൽ പ്രശ്നം തീരും. ഉച്ചക്ക് 14.05നുള്ള കോഴിക്കോട്- കണ്ണൂർ ട്രെയിൻ കണ്ണൂർ എത്തി അവിടെ നിന്ന് 5.20ന് ചെറുവത്തൂർ, പിറ്റേന്ന് മംഗളൂരു ട്രെയിൻ എന്നിങ്ങനെയാണ് ഓടിക്കുന്നത്. ഈ വണ്ടി കോഴിക്കോട് - മംഗളൂരു ആക്കാവുന്നതാണ്. മംഗളൂരു നിന്ന് രാത്രി മലബാർ എക്സ്‌പ്രസിനു ശേഷം തെക്കോട്ട് ട്രെയിൻ ഇല്ലാത്ത വിഷയവും യാത്രക്കാരെ അലട്ടുന്നുണ്ട്. രാത്രി 8.45ന് ഒരു മംഗളൂരു -ചെറുവത്തൂർ ട്രെയിൻ ഓടിച്ചാൽ അത് പിറ്റേന്ന് രാവിലെ മംഗളൂരുവിലേക്ക് പതിവ് സമയത്തു തന്നെ സർവ്വീസ് നടത്താനും സാധിക്കും.