@ ജില്ലാ തല ഉദ്ഘാടനം തിരുവണ്ണൂർ വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ
കോഴിക്കോട്: കളിചിരിയുടെ മദ്ധ്യവേനലവധിയ്ക്ക് ബൈ ബൈ... കുരുന്നുകൾ ഇന്ന് അറിവിന്റെ തിരുമുറ്റത്തെത്തും. നവാഗതരെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് പല വിദ്യാലയങ്ങളും നടത്തിയത്. ജില്ലാതല പ്രവേശനോത്സവം തിരുവണ്ണൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ജില്ലാതലത്തിലും സ്‌കൂൾ തലത്തിലും പ്രവേശനോത്സവം നടക്കും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി രക്ഷിതാക്കൾക്കുള്ള ബോധവത്കരണം പല സ്‌കൂളുകളിലും നടന്നു. വിദ്യാർത്ഥികളുടെ യാത്രാസൗകര്യവുമായി ബന്ധപ്പെട്ട് കർശന നിർദ്ദേശങ്ങളും നിബന്ധനകളുമാണ് മോട്ടോർ വാഹന വകുപ്പും പൊലീസും നൽകിയിരിക്കുന്നത്. കൂടുതൽ ട്രാഫിക് പൊലീസിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ജില്ലയിലെ സ്‌കൂൾ ബസുകൾ വിവിധ ആർ.ടി.ഒ ഓഫീസുകൾക്കു കീഴിൽ പരിശോധനയ്ക്കു വിധേയമാക്കി. സ്‌കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കുള്ള മോട്ടോർ വാഹന വകുപ്പിന്റെ ബോധവത്ക്കരണ ക്ലാസുകളും മിക്കയിടത്തും പൂർത്തിയായി.
@ പഠിപ്പിക്കാൻ എ.ഐ അദ്ധ്യാപകരെത്തും
നിർമ്മിത ബുദ്ധിയിലുൾപ്പെടെ പരിശീലനം ലഭിച്ച അദ്ധ്യാപകരാണ് ഇത്തവണ ക്ലാസ് മുറികളിലെത്തുക. പുത്തൻ പാഠപുസ്തകത്തിന്റെ ഉള്ളടക്കം വെർച്വൽ രീതിയിൽ കുട്ടികളുടെ മുന്നിലെത്തും. 352 ബാച്ചിലായി പൊതു വിദ്യാലയങ്ങളിലെ ഒന്നുമുതൽ പത്തുവരെയുള്ള ക്സാസുകളിലെ മുഴുവൻ അദ്ധ്യാപകരും പരിശീലനം പൂർത്തിയാക്കി.
@പാഠപുസ്തക വിതരണവും പൂർത്തിയായി
ആദ്യഘട്ടത്തിൽ വിതരണം ചെയ്യേണ്ട 3316687 പാഠപുസ്തകങ്ങളുടെ വിതരണവും പൂർത്തിയായി. ഒന്ന്, മൂന്ന്, അഞ്ച്, എഴ്, ഒമ്പത്, ക്സാസുകളിൽ പുതിയ പുസ്തകമാണ്. ഇവ നേരത്തെ തന്നെ വിദ്യാർത്ഥികളുടെ കെെകളിൽ എത്തിയിരുന്നു. സർക്കാർ സ്കൂളുകളിൽ 3089517 പുസ്തകങ്ങൾ വിതരണം ചെയ്തു. അൺ എയ്ഡഡ് സ്കൂളിൽ വിതരണം ചെയ്തത് 218083(96ശതമാനം) പാഠപുസ്തകമാണ്. ഇതിൽ 9086 പുസ്തകങ്ങളുടെ വിതരണം ഇന്ന് പൂർത്തിയാകും.
@ തിരക്കിൽ വിപണി
മഴയെ പോലും വകവയ്ക്കാതെ സ്കൂൾ വിപണിയിൽ ഇന്നലെയും വൻ തിരക്കായിരുന്നു. ബാഗും കുടയും മറ്റുപഠനോപകരണങ്ങളുമെല്ലാം വിലക്കുറവിൽ നൽകുന്നതിന് വിപണിയിൽ വൻ മത്സരമാണ്. മിഠായിത്തെരുവിൽ വിലക്കുറവിൽ ലഭിക്കുന്നതിനാൽ നിരവധി പേരാണ് എത്തുന്നത്.