
കോഴിക്കോട്: താൻ മുസ്ലിം ലീഗിലേക്കെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു. ലീഗ് നേതാക്കൾ ഇടതുപക്ഷത്തേക്ക് വരാനുള്ള സാദ്ധ്യതയല്ലാതെ ഐ.എൻ.എല്ലിൽ നിന്നോ ഇടതുപക്ഷത്ത് നിന്നോ ഒരു നേതാവും അങ്ങോട്ടുപോകാനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം
പറഞ്ഞു.
തന്നെ കരിവാരി തേക്കാനുള്ള ശ്രമം ഐ.എൻ.എൽ വിട്ടു പോയവരും ഒരു വിഭാഗം മാദ്ധ്യമങ്ങളും ചേർന്നുണ്ടാക്കുന്നതാണ്. നിയമസഭാതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം മുതൽ വ്യക്തിപരമായി വേട്ടയാടാൻ സകല ഹീനമാർഗവും പ്രയോഗിച്ചു വരുന്ന ചില വ്യക്തികളുടെ പുതിയ കുതന്ത്രമാണ് ലീഗിലേക്കെന്ന പ്രചാരണം. പാർട്ടിയിൽ നിന്ന് പുറത്തെറിഞ്ഞ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ വ്യാജ നിർമ്മിതികൾക്കെതിരെ ഇടതുപക്ഷ പ്രവർത്തകർ ജാഗ്രത പുലർത്തണം.
സമസ്ത-ലീഗ് പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും ചില ഛിദ്ര ശക്തികൾ ഇത് മുതലെടുക്കാൻ ശ്രമിക്കുന്നെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നു. അത് സി.പി.എമ്മിനെ ലക്ഷ്യം വച്ചാണെന്നും , ലീഗിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങിയ സാഹചര്യത്തിലാണിതെന്നുമായിരുന്നു പ്രചാരണം. ലീഗിലേക്കുള്ള കൂടുമാറ്റത്തിന്റെ ഭാഗമായി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നും കെ.എം.ഷാജി മദ്ധ്യസ്ഥത വഹിച്ചെന്നും പ്രചാരണമുണ്ടായി. എന്നാൽ ലീഗിന്റെ ഔദ്യോഗിക പദവികളും സ്ഥാപനങ്ങളെയും ഉപയോഗിച്ച് സമസ്തയെ നശിപ്പിക്കാനിറങ്ങിയ സുന്നി വിരുദ്ധരായ പി.എം.എ സലാമിനെപ്പോലെയുള്ളവരെ ഉദ്ദ്യേശിച്ചാണ് ഛിദ്ര ശക്തിയെന്ന് പ്രയോഗിച്ചതെന്നാണ് ദേവർകോവിൽ പറയുന്നത്.