കോഴിക്കോട്: മെഡിക്കൽ കോളേജ് ഐ.സി.യു പീഡനക്കേസിൽ ഡോ. കെ.വി. പ്രീതിക്കെതിരായ അതിജീവിതയുടെ പരാതിയിൽ നാർക്കോട്ടിക് സെൽ എ.സി.പി ടി.പി. ജേക്കബ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് പുനരന്വേഷണ റിപ്പോ‌ർട്ട് സമർപ്പിച്ചു. വൈദ്യപരിശോധന നടത്തിയ ഡോക്ടർ താൻ പറഞ്ഞ കാര്യങ്ങൾ പൂർണമായും രേഖപ്പെടുത്തിയില്ലെന്നും സംഭവവുമായി ബന്ധമില്ലാത്ത ജൂനിയർ ഡോക്ടറുടെ പേരും മൊഴിയും അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പിൽ ഉൾപ്പെടുത്തിയെന്നുമാണ് അതിജീവിതയുടെ പരാതി. നേരത്തെ പരാതി അന്വേഷിച്ച മെഡിക്കൽ കോളേജ് എ.സി കെ. സുദർശൻ ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തിയത്. എന്നാൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഉത്തരമേഖലാ ഐ.ജി കെ.സേതുരാമന് അതിജീവിത പരാതി നൽകുകയായിരുന്നു.