loco
ലോക്കോ പൈലറ്റ്

കോഴിക്കോട്: ലോക്കോ പൈലറ്റ് സമരം മൂലം ടെയിൻ റദ്ദാക്കിയതിൽ യാത്രക്കാർക്ക് ആശങ്ക. ദക്ഷിണ റെയിൽവേയിലെ ആറു ഡിവിഷനുകളിൽ ആരംഭിച്ച ലോക്കോ പൈലറ്റ് സമരം വിദ്യാലയങ്ങൾ തുറക്കുന്ന സമയത്ത് കേരളത്തിലെ ട്രെയിൻ യാത്ര ദുക്ഷകരമാക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യുസേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ അടിയന്തര യോഗം വിലയിരുത്തി. സമരത്തിനിടെ കോയമ്പത്തൂർ മംഗലാപുരം റൂട്ടിൽ പ്രഖ്യാപിച്ച പ്രത്യേക ട്രെയിൻ റദ്ദാക്കിയതിൽ യോഗം പ്രതിഷേധിച്ചു. യാത്ര ദുരിതം ഒഴിവാക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

മേയ് 15 ന് ഓൾ ഇൻഡൃ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ ദക്ഷിണ റെയിൽവേ മാനേജർക്ക് നോട്ടീസ് നൽകിയിരുന്നു. അന്ന് തന്നെ കോൺഫെഡറേഷൻ സമരം ഒത്തുതീർപ്പാക്കുകയോ, ബദൽ സംവിധാനം ഏർപ്പെടുത്തുകയോ വേണമെന്ന് അഭ്യർത്ഥിച്ച് റെയിൽവേ മന്ത്രാലയം, റെയിൽവേ ബോർഡ്, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, പാലക്കാട്, തിരുവനന്തപുരം ഡിവിഷണൽ മാനേജർമാർ എന്നിവർക്ക് നിവേദനം സമർപ്പിച്ചിട്ടും അധികാരികൾ നിസംഗത പാലിച്ചു.

കോഴിക്കോട് അസോസിയേഷൻ റീജിയണൽ ഓഫീസിൽ ചേർന്ന യോഗത്തിൽ വർക്കിംഗ് ചെയർമാൻ ഷെവലിയർ സി.ഇ.ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. ദേശീയ ചെയർമാൻ ഡോ.ഏ.വി.അനുപ് ഉദ്ഘാടനം ചെയ്തു. ദേശീയ കൺവീനർമാരായ സൺഷൈൻ ഷൊർണൂർ, ഡോ.കെ. എസ് .ജോൺസൺ, ടി. പി. വാസു, കേരള റീജിയണൽ ഭാരവാഹികളായ ബേബി കിഴക്കുഭാഗം, അഡ്വ. എം .കെ .അയ്യപ്പൻ, പി .ഐ. അജയൻ, റിയാസ് നെരോത്ത്, നോവേക്സ് മൻസൂർ സി കെ,എ.ശിവശങ്കരൻ കുന്നോത്ത് അബൂബക്കർ എന്നിവർ സംസാരിച്ചു. ജോസി വി ചുങ്കത്ത് സ്വാഗതവും സി.സി. മനോജ് നന്ദിയും പറഞ്ഞു.