കൊയിലാണ്ടി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കാനിരിക്കെ, വർഷങ്ങൾക്ക് മുമ്പുള്ള ഒരു വോട്ടെണ്ണൽകാലം ഓർത്തെടുക്കുകയാണ് കോൺഗ്രസുകാരനും കൗൺസിലറുമായിരുന്ന ചെറുക്കാട്ടിൽ രാമൻ. 1977 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രം ഗവ. ബോയ്സ് ഹൈസ്കൂളായിരുന്നു. കോൺഗ്രസിൽ നിന്ന് ഇ. നാരായണൻ നായരും പ്രതിപക്ഷത്ത് നിന്ന് അഡ്വ. ഇ.രാജഗോപാലൻ നായരുമായിരുന്നു സ്ഥാനാർത്ഥികൾ. ഇ.നാരായണൻ നായർ സിറ്റിംഗ് എം.എൽ.എയായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പായതിനാൽ ഫലമറിയാൻ ഏവർക്കും വലിയ താത്പ്പര്യമായിരുന്നു. വലിയൊരു ജനക്കൂട്ടം ഹൈസ്കൂൾ ഗ്രൗണ്ടിലെത്തി. വൈകീട്ട് അഞ്ച് മണിയായതോടെ കൗണ്ടിംഗ് റൂമിൽ നിന്ന് പ്രതിപക്ഷ സ്ഥാനാർത്ഥി അഡ്വ. ഇ രാജഗോപാലൻ നായർ പുറത്തേക്ക് വന്നു. ഫലം എന്തായെന്നറിയാൻ ആളുകൾ അദ്ദേഹത്തോട് വിളിച്ച് ചോദിച്ചപ്പോൾ കൈ ഉയർത്തി വോട്ടർമാരെ അദ്ദേഹം അഭിവാദ്യംചെയ്തു. കൈ ഉയർത്തിയത് 5000 വോട്ടിന് വിജയിച്ചതാണെന്ന് കരുതി പ്രവർത്തകർ നാനാഭാഗത്തേക്കും പ്രകടനമായി നീങ്ങി. ഇ.നാരായണൻ നായരുടെ പോസ്റ്ററുകളും ബാനറുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. മാത്രമല്ല നാരായണൻ നായർക്ക് പപ്പടമുണ്ടാക്കുന്ന ജോലിയുണ്ടായിരുന്നു. വഴി നീളെ പപ്പടം വലിച്ചെറിഞ്ഞായിരുന്ന് പ്രകടനക്കാരുടെ പോക്ക് . കോൺഗ്രസുകാർ അന്തംവിട്ടുനിൽക്കുന്നതിനിടയിൽ രാത്രിയായതോടെ ഇ നാരായണൻ നായർ വിജയിച്ചതായി പ്രഖ്യാപനം വന്നു. തുടർന്ന് കോൺഗ്രസിന്റെ വിജയഹ്ളാദം. കേന്ദ്രത്തിൽ കോൺഗ്രസ് പരാജയപ്പെടുകയും ഇന്ദിരാഗാന്ധിയുൾപ്പെടെയുള്ളവർ തോൽക്കുകയും ചെയ്തതോടെയാണ് പ്രതിപക്ഷത്തിന് ആശ്വാസമായത്.