വേണു ആദ്യമായി കോഴിക്കോടിറങ്ങുന്നത് എസ്.കെ.പൊറ്റെക്കാടിന്റെ സൈക്കിളിന്റെ പിറകിലിരുന്നാണ്. വകയിൽ എസ്.കെ അമ്മാവനെങ്കിലും ഏട്ടാ എന്നാണ് വിളിക്കുക. അതെക്കുറിച്ച് വേണുവിന്റെ ഓർമ്മ ഇങ്ങനെ 'പുതിയറയിലെ ചന്ദ്രകാന്തത്തിൽ നിന്ന് ഏട്ടന്റെ സൈക്കിളിന്റെ പിറകിൽ മിഠായിത്തെരുവിലേക്ക്. സൈക്കിളിൽ ഏട്ടന്റെ സുഹൃത്തായ മാധവേട്ടന്റെ മോഡേൺബേക്കറിയുടെ മുന്നിലെത്തി. പിന്നീട് എന്റെ കൈ മുറുകെപ്പിടിച്ച് മിഠായിത്തെരുവിന്റെ ഇങ്ങേ അറ്റം മുതൽ അങ്ങേ അറ്റംവരെ കാണിച്ചു. വൈദ്യുതി പ്രഭയിൽ മുങ്ങിനിൽക്കുന്ന മിഠായിത്തെരുവെന്ന വിചിത്ര ലോകം എനിക്കൊരത്ഭുതമായിരുന്നു. സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉറുമ്പുകളെപ്പോലെ അരിച്ച് നീങ്ങിക്കൊണ്ടിരിക്കുന്നു...ഇത്രയധികം മനുഷ്യരെ ഒന്നിച്ച് കാണുന്നത് ആദ്യമായിരുന്നു..."
അന്ന് എസ്.കെ കൈപിടിച്ചിറക്കിയ കുട്ടിവേണു പിന്നീട് മിഠായിത്തെരുവിന്റെയും കോഴിക്കോട് നഗരത്തിന്റെയും പുത്രനായി. ചെലവൂർ വേണുവായി. സാഹിത്യത്തിനും സിനിമയ്ക്കും മറ്റു കലകൾക്കുവേണ്ടിയും ജീവിച്ച് ഒടുക്കം ഒരു കൂട്ടുവേണമെന്ന് തോന്നിയപ്പോൾ എഴുപതാം വയസിൽ വിവാഹിതനായി.

കേരളത്തിൽ ആദ്യമായൊരു ഫിലിംസൊസൈറ്റി പിറവിയെടുക്കുന്നത് 1965ൽ തിരുവനന്തപുരത്ത്. ചിത്രലേഖ ഫിലിംസൊസൈറ്റി. അതിനു പിന്നാലെ കോഴിക്കോട്ട് വേണുവിന്റെ നേതൃത്വത്തിൽ അശ്വനി ഫിലിംസൊസൈറ്റിയും പിറവികൊണ്ടു. അശ്വനിയുടെ അമ്പതാം വാർഷികത്തിന് മുഖ്യ പ്രഭാഷകനായെത്തിയത് അടൂർ ഗോപാലകൃഷ്ണൻ. 2019ൽ. അദ്ദേഹം പറഞ്ഞു 'ചെലവൂർ വേണു വിവാഹം കഴിക്കാൻ വൈകിയത് കൊണ്ടുമാത്രമാണ് അശ്വനിക്ക് 50 വർഷം അതിജീവിക്കാൻ കഴിഞ്ഞത്..."സദസ്സ് കൂട്ടച്ചിരിയിൽ മുങ്ങി, ഒപ്പം വേണുവും. കേരളത്തിൽ 50വർഷം ആഘോഷിക്കാൻ കഴിഞ്ഞ ഏക ഫിലിം സൊസൈറ്റിയായിരുന്നു അശ്വനി. അക്കാലത്ത് നിരവധിയായ ഫിലിം സൊസൈറ്റികളുണ്ടായിരുന്നു. എന്നാൽ,​ അതിന്റെയൊക്കെ അമരക്കാർ വിവാഹം കഴിച്ചതോടെയാണ് എല്ലാം പൂട്ടിപ്പോയതെന്നും അടൂർ.

1970ലാണ് കോഴിക്കോട്ട് ആദ്യ ഫിലിം ഫെസ്റ്റിവൽ അശ്വനി നടത്തുന്നത്. കേരളം അതുപോലൊരു ഫെസ്റ്റിവൽ അതിനും പിന്നീടും കണ്ടിട്ടില്ലെന്ന് സിനിമാനിരൂപകൻ പ്രേംചന്ദ്. ' വേണുവേട്ടൻ ഒരു സംഭവമായിരുന്നു. ജോണിനെ കോഴിക്കോട്ടെത്തിക്കുന്നത് വേണുവേട്ടനായിരുന്നു. ജോണിന്റെ സിനിമകളുടെ പിറവിയും കോഴിക്കോട് നിന്ന്. ഒടുക്കം ജോണെന്ന സിനിമ ഞാനെടുത്തപ്പോൾ അതിൽ ചെലവൂർ വേണുവായിതന്നെ അദ്ദേഹം വേഷമിട്ടു. ജി.അരവിന്ദൻ കോഴിക്കോട്ടെത്തിയപ്പോൾ ആദ്യമെത്തിയത് അശ്വനിയിലേക്കാണ്. അവിടെ രൂപപ്പെട്ട ചർച്ചകളിലാണ് ഉത്തരായനം പിറക്കുന്നത്. കെ.പി.കുമാരൻ, പി.എ.ബക്കർ, പവിത്രൻ, കെ.ജി.ജോർജ്, ആർടിസ്റ്റ് വിജയരാഘവൻ, തിക്കോടിയൻ, പട്ടത്തുവിള, ആർടിസ്റ്റ് നമ്പൂതിരി തുടങ്ങി എല്ലാവരുടെയും സങ്കേതമായിരുന്നു അശ്വനിയും സൈക്കോ മാഗസിൻ ഓഫീസും.
വേണു ചെലവൂർ കോഴിക്കോട് ഒരു വലിയ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചിട്ടുണ്ട് എന്നുപറഞ്ഞാൽ അതിനർത്ഥം, ചെലവൂരിലെ തറവാട്ടുസ്വത്തിലെ അഞ്ച് സെന്റുകൂടി വിറ്റു എന്നാണെന്ന് കോഴിക്കോട്ടെ അടുത്ത സുഹൃത്തുക്കൾ പറയുമായിരുന്നു. നിലപാടുകളിലെ ഉരുക്കുതറയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയവും ജീവിതവും. അത് ജീവിതത്തിലൂടെയും,​ മരിച്ചാൽ പൊതു ദർശനത്തിനു വയ്ക്കരുതെന്ന പ്രഖ്യാപനത്തിലൂടെയും വേണു അടിവരയിട്ടു.