vatakara
vatakara

വടകര: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് വരാനിരിക്കെ വടകരയിൽ പ്രത്യേക സേനാ വിന്യാസം. പ്രശ്നബാധിത മേഖലകളിൽ കൂടുതൽ പോലീസിനെ വിന്യസിക്കുമെന്ന് റൂറൽ എസ്.പി ഡോ.അരവിന്ദ്‌സുകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എട്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ വിപുലമായ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. ഒരു അനിഷ്ടസംഭവവും എവിടെയും ഉണ്ടാവാൻ അനുവദിക്കില്ല. 1237 പൊലീസുകാരും ആംഡ് പൊലീസും അടക്കം 1600 പേരാണ് ക്രമസമാധാന ചുമതലയിലുണ്ടാവുക. 16 സ്‌ട്രൈക്കിംഗ് ഫോഴ്‌സും 66 മൊബൈൽ പട്രോൾ യൂണിറ്റുമുണ്ടാവും. സംഘർഷ സാദ്ധ്യതയള്ള പൊലീസ് സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് വേറേയും സ്‌ട്രൈക്കിംഗ് ഫോഴ്‌സുണ്ടാവും. സർവകക്ഷി യോഗത്തിൽ കൈക്കൊണ്ടതുപോലെ വൈകുന്നേരം ഏഴു മണിയോടെ ആഹ്ലാദപ്രകടനം അവസാനിപ്പിക്കണം. നാദാപുരം, കുറ്റ്യാടി, വടകര, ചോമ്പാല, എടച്ചേരി, വളയം എന്നീ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രത്യേക സ്‌ട്രൈക്കിംഗ് ഫോഴ്‌സ് രംഗത്തുണ്ടാവും. സോഷ്യൽമീഡിയ നിരീക്ഷണത്തിലാണ്. പ്രചാരണഘട്ടത്തിലെ സോഷ്യൽമീഡിയ പരാമർശം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും എസ്.പി പറഞ്ഞു.