കോഴിക്കോട്: നൽകുന്ന ശമ്പളം തിരിച്ചുപിടിച്ച് സർക്കാർ ജീവനക്കാരെ ആനന്ദിപ്പിക്കേണ്ടന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി. ജീവനക്കാർക്കായി സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ജീവാനന്ദം ആന്വിറ്റി പദ്ധതിക്കെതിരെ ബേപ്പൂർ തുറമുഖ കാര്യാലയത്തിന് മുന്നിൽ കേരള എൻ.ജി.ഒ അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ പദ്ധതി ക്ലിപ്ത വരുമാനക്കാരായ ജീവനക്കാരെ ദുരിതത്തിലാക്കും. മുമ്പ് നടപ്പാക്കിയ ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങൾ പോലും തടഞ്ഞുവച്ച സർക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ ജോയന്റ് സെക്രട്ടറി കെ.പി. സുജിത, കെ. ജോതിസ് കുമാർ, കെ.കെ. മെഹബൂബലി പ്രസംഗിച്ചു.