
കോഴിക്കോട്: തൃശൂരിലെ തോൽവിയെ തുടർന്ന് ഇടഞ്ഞ കെ. മരുളീധരനെ രാഹുൽ ഗാന്ധി ഒഴിയാൻ സാദ്ധ്യതയുള്ള വയനാട്ടിൽ മത്സരിപ്പിക്കുമെന്ന് അഭ്യൂഹം. പൊതു ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പറഞ്ഞ മുരളീധരനെ തിരകെയെത്തിക്കാൻ ഇത് മാത്രമാണ് കെ.പി.സി.സിക്ക് മുന്നിലെ ഏക പോംവഴി. വയനാട്ടിൽ ഉപതിരഞ്ഞെടുപ്പുണ്ടായാൽ മുരളീധരനെ പരിഗണിക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെടുമെന്നാണ് മുതിർന്ന് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന.
റായ്ബറേലിയിലെ ജയത്തോടെ രാഹുൽ വയനാട് കൈവിടുമെന്ന് ഉറപ്പാകുമ്പോൾ ആരിനി ചുരം കയറുമെന്നത് വലിയ ചോദ്യമാണ്. പ്രിയങ്ക വേണെന്ന ആവശ്യമുണ്ടെങ്കിലും അവർ മത്സരരംഗത്തേക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. കെ. മുരളീധരൻ വഴങ്ങിയില്ലെങ്കിലേ മറ്റൊരാളിലേക്ക് അന്വേഷണം നീളൂ. ഇനി ഒരു മത്സരത്തിനും പാർട്ടി യോഗങ്ങൾക്കും ഇല്ലെന്ന് പ്രഖ്യാപിച്ച് ഫോൺപോലും ഓഫാക്കിയിരിക്കുകയാണ് അദ്ദേഹം. രാഹുൽ വലിയ ഭൂരിപക്ഷത്തിന് ജയിച്ചെങ്കിലും മികച്ചൊരു സ്ഥാനാർത്ഥി ഇല്ലെങ്കിൽ വയനാട്ടിൽ ഇനി ജയം എളുപ്പമല്ല.