കോഴിക്കോട്: സ്വന്തം പതാക പുറത്തു കാണിക്കാൻ വിലക്കുള്ളവരെന്ന് പരിഹാസം, പരമ്പരാഗത വോട്ട് ബാങ്കിൽ കണ്ണുവച്ചുള്ള സി.പി.എമ്മിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പരിശ്രമങ്ങൾ. സമസ്തയിലെ ചില നേതാക്കളുമായുള്ള അഭിപ്രായ ഭിന്നത. നെഞ്ചിൽ തറച്ച എല്ലാ എല്ലാ അസ്ത്രങ്ങളെയും കരുത്താക്കി മുസ്ലിംലീഗ് കോൺഗ്രസിനൊപ്പം കൈമെയ് മറന്ന് പോരാടിയതിന്റെ ഫലമാണ് വടകരയിലെയും കോഴിക്കോട്ടെയും മലപ്പുറത്തെയും പൊന്നാനിയിലെയും കണ്ണൂരിലെയും വയനാട്ടിലെയുമെല്ലാം യു.ഡി.എഫിന്റെ തകർപ്പൻ വിജയം.
കോഴിക്കോട് മണ്ഡലത്തിലെ ലീഗിന്റെ പൊന്നാപുരം കോട്ട കൊടുവള്ളിയാണ്. 38644 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് കൊടുവള്ളി നൽകിയത്. രണ്ടാമത്തെ വലിയ ഭൂരിപക്ഷം ലഭിച്ചത് ലീഗിന്റെ മണ്ഡലമായ കുന്ദമംഗലത്ത് നിന്നാണ്. 23,302 വോട്ടുകൾ. 21063 വോട്ടിന്റെ ഭൂരിപക്ഷം നൽകി ലീഗിന്റെ ശക്തികേന്ദ്രമായ കോഴിക്കോട് സൗത്ത് പിന്നാലെയുണ്ട്.
വടകരയിലെ പ്രചാരണത്തിൽ നിറഞ്ഞ മുസ്ലിംലീഗ് പ്രവർത്തകരുടെ ആവേശം ഇടത് ക്യാമ്പിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് നേരെ വിരൽ ചൂണ്ടി നിരവധി ആരോപണങ്ങൾ ഉയർന്നു. എന്നാൽ ഇതിനെല്ലാം വോട്ടിംഗ് മെഷീനിലൂടെയും മറുപടി നൽകി. ലീഗിന്റെ ശക്തി കേന്ദ്രങ്ങളായ കുറ്റ്യാടിയും നാദാപുരവുമെല്ലാം ഷാഫിയ്ക്ക് നൽകിയത് കാൽ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം. നാദാപുരത്ത് 23877വോട്ടിന്റെയും കുറ്റ്യാടിയിൽ 23635 വോട്ടിന്റെയും ഭൂരിപക്ഷമാണ് ഷാഫി പറമ്പിലിന് ലഭിച്ചത്. ഇടത് കോട്ടകളായ തലശേരിയിലും നാദാപുരത്തും പേരാമ്പ്രയിലുമെല്ലാം മുസ്ലിംലീഗ് നിറഞ്ഞു നിന്നപ്പോൾ ഇടതുപക്ഷത്തിന്റെ അടിയുറച്ച് വോട്ടുകൾ പോലും കൈപ്പത്തിയിൽ പതിഞ്ഞു. വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടി മണ്ഡലത്തിൽ 46556 വോട്ടിന്റെ ലീഡ് രാഹുൽഗാന്ധിക്ക് ലഭിച്ചതും ലീഗിന്റെ കരുത്തിലാണ്.
ഏക സിവിൽകോഡ്, സി.എ.എ, പാലസ്തീൻ ഐക്യദാർഢ്യം തുടങ്ങിയ വിഷയങ്ങളും സമസ്തയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉയർത്തി യു.ഡി.എഫിന്റെയും മുസ്ലിം ലീഗിന്റെയും ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കാനുള്ള സി.പി.എമ്മിന്റെ ശ്രമങ്ങളെ ഏറെ ചടുലമായാണ് ലീഗ് പ്രതിരോധിച്ചത്. ലീഗിനെ കാര്യമായി വിമർശിക്കാതെ കോൺഗ്രസിനെ കടന്നാക്രമിക്കുന്ന തന്ത്രം സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പി.എം.എ സലാമും പൊളിച്ചടുക്കി. മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽഗാന്ധിക്കെതിരെ ഉയർത്തിയ വിമർശനങ്ങൾക്കെതിരെ രൂക്ഷമായാണ് ലീഗ് നേതാക്കൾ പ്രതികരിച്ചത്. ഇതെല്ലാം കോട്ട ഭദ്രമാക്കി. ഇടതുകോട്ടയിൽ വൻ ഭൂരിപക്ഷം നേടി നാലാമതും വിജയമുറപ്പിച്ച് പാർട്ടി ഓഫീസിൽ നിന്ന് പുറത്തുവന്ന എം.കെ. രാഘവൻ ആദ്യം ക്രെഡിറ്റ് നൽകിയതും മുസ്ലിംലീഗിനാണ്.