കോഴിക്കോട്: കത്വ ഉന്നാവ് ഫണ്ടിൽ തിരിമറി നടത്തിയെന്ന കേസിൽ മുസ്ലിം യൂത്ത് ലീഗ് നേതാക്കൾക്ക് കോടതിയുടെ അറസ്റ്റ് വാറന്റ്. മുസ്ലിം യൂത്ത് ലീഗ് മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ. സുബൈർ, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവർക്കാണ് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വി.പി. അബ്ദുസത്താർ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. രണ്ടാം തവണയും കോടതിയിൽ ഹാജരാവാത്തതിനെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് നിർദ്ദേശം നൽകിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ കേസ് പരിഗണിച്ചപ്പോൾ ഇരുവരും അഭിഭാഷകൻ മുഖേന അവധി അപേക്ഷ നൽകിയിരുന്നു. ജൂലായ് 10 ന് കോടതി കേസ് വീണ്ടും പരിഗണിക്കും. യൂത്ത് ലീഗ് മുൻ അഖിലേന്ത്യാസമിതി അംഗം യൂസഫ് പടനിലം നൽകിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് നടപടി.