lockel
ദേശീയപാത​ ബൈപ്പാസിൽ സർവീസ് റോഡിൽ നിന്നും കക്കൂസ് മാലിന്യം തള്ളുന്നതിനിടെ​ ലോറി പാടത്തേക്ക് മറിഞ്ഞ​നിലയിൽ ​

രാമനാട്ടുകര​: കക്കൂസ് മാലിന്യം റോഡരികിലെ പാടത്തെ തോട്ടിലേക്ക് ഒഴുക്കിവിടുന്നതിനിടെ നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക് . ബുധനാഴ്ച രാത്രി ​ ദേശീയപാത​ ബൈപ്പാസിൽ സർവീസ് റോഡിൽ നിന്നും അഴിഞ്ഞില​ത്താണ് സംഭവം. അഴിഞ്ഞിലം മേൽപ്പാലത്തിന് ചുവട്ടിൽ വാഴയൂർ ഗ്രാമ പഞ്ചായത്ത് രണ്ടാംവാർഡിൽ താലി ക്ഷേത്രത്തിനു സമീപം ചാലിപ്പാടത്തേക്കാണ് മാലിന്യം ഒഴുക്കിയത് . രാമനാട്ടുകര ​ബൈപ്പാസിൽ അഴിഞ്ഞി​ലം ,പാറമ്മൽ ,സേവാമന്ദിരം സ്‌ക്കൂളിന് സമീപം എന്നിവിടങ്ങളിൽ സ്ഥിരമായി കക്കൂസ് മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് പലതവണ പരാതി പറഞ്ഞിട്ടും ഇവരെ പിടികൂടാനായില്ല. അതിനിടയിലാണ് ​കഴിഞ്ഞ ദിവസം രാത്രിയിൽ കക്കൂസ് മാലിന്യവുമായി വന്ന ലോറി മാലിന്യം തള്ളുന്നതിനിടെ പാടത്തേക്ക് മറിഞ്ഞത്. വലിയ ശബ്ദം കേട്ടതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ രണ്ടുപേരെ പിടികൂടി. അപകടത്തിൽ പരിക്കേറ്റതിനാൽ ഇരുവരെയും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇവർക്കെതിരെ ശക്തമായ നടപടി വേണമെന്ന്‌ നാട്ടുകാർ ​ ആവശ്യപ്പെട്ടു.രാമനാട്ടുകര റസിഡൻസ് ഏകോപന സമിതി (റെയ്‌സ്) ,സമന്വയം റസിഡന്സ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹികളും​ സ്ഥലത്തെത്തി വാഴക്കാട് പൊലീസിൽ വിവരം അറിയിച്ചു. ലോറിക്ക് ചുറ്റും രാഷ്ട്രീയ പാർട്ടികൾ കൊടികൾ കുത്തിവച്ചിട്ടുണ്ട്.