കോഴിക്കോട്: അദ്ധ്യാപക സംഘടനകളുമായി കൂടിയാലോചിക്കാതെ ശനിയാഴ്ചകൾ കൂടി പ്രവൃത്തി ദിവസങ്ങളാക്കി ഏകപക്ഷീയമായി അക്കാഡമിക് കലണ്ടർ പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി അദ്ധ്യാപകർ ബാഡ്ജ് ധരിച്ച് സ്‌കൂളിൽ ഹാജരായി പ്രതിഷേധ സംഗമം നടത്തി. സ്‌കൂളുകളിൽ വിശദീകരണ യോഗവും പ്രകടനവുമുണ്ടായിരുന്നു. പ്രതിഷേധത്തിന് മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുല്ലയും കോഴിക്കോട്ട് ജനറൽ സെക്രട്ടറി പി.കെ. അസീസും നേതൃത്വം നൽകി. 14 ജില്ലകളിൽ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് അദ്ധ്യാപകർ പങ്കാളികളായി.