praveenkumar
കെ.പ്രവീൺകുമാർ

കോഴിക്കോട്: തിരഞ്ഞെടുപ്പ് തോൽവിയിൽ വിറളിപൂണ്ട് ജില്ലയിൽ സി.പി.എം അക്രമം അഴിച്ചുവിടുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാർ. ഫലം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും വടകര മേഖലയിൽ അക്രമം തുടരുകയാണെന്നും പ്രവീൺ കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാതിരിപ്പറ്റയിൽ ആർ.എം.പി നേതാവിന്റെയും മണിയൂരിൽ കോൺഗ്രസ് നേതാവിന്റെയും വീടിനുനേരെ ബോംബെറിഞ്ഞ പ്രതികളെ പിടികൂടാൻ പൊലീസ് തയാറാവുന്നില്ല. പാനൂരിൽ ബോംബ് നിർമിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായി ഒരാൾ മരിച്ച സംഭവത്തിൽ നടപടിയെടുത്തിരുന്നെങ്കിൽ അക്രമം ആവർത്തിക്കില്ലായിരുന്നു. മണിയൂർ സംഭവത്തിൽ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് 13 ന് പയ്യോളി പൊലീസ് സ്‌റ്റേഷനിലേക്ക് യു.ഡി.എഫ്. മാർച്ച് നടത്തും. പാതിരിപ്പറ്റ സംഭവത്തിൽ പ്രതികളെ പിടികൂടിയില്ലെങ്കിൽ കുറ്റ്യാടി സ്റ്റേഷനിലേക്കും മാർച്ച് നടത്തും. മാനദണ്ഡം പാലിക്കാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം നടത്തിയാൽ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ്, എൻ.എസ്.യു. ദേശീയ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് എന്നിവരും പങ്കെടുത്തു