സീബ്ര ക്രോസിംഗ് വ്യക്തമായി അടയാളപ്പെടുത്തണമെന്ന് ട്രാഫിക് പൊലീസ്
കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ മാഞ്ഞുപോയ സീബ്ര ക്രോസിംഗ് ലൈനുകൾ വ്യക്തമായി അടയാളപ്പെടുത്തണമെന്ന ട്രാഫിക് പൊലീസ് നിർദ്ദേശത്തിൽ നടപടിയുമായി കോർപ്പറേഷൻ. ഇന്ന് ചേരുന്ന കൗൺസിൽ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നഗരത്തിൽ സീബ്രാ ക്രോസിംഗ് നിയമങ്ങൾ കർശനമായി നടപ്പാക്കാനാണ് ട്രാഫിക് പൊലീസ് തീരുമാനം. ഇതിന്റെ ഭാഗമായി കോർപ്പറേഷൻ പരിധിയിലുള്ള റോഡുകളിലെ സീബ്രാ ക്രോസിംഗുകൾ പരിശോധിച്ച് മാഞ്ഞുപോയതും വ്യക്തതയില്ലാത്തതുമായ ലൈനുകൾ അടയാളപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ ട്രാഫിക് നോഡൽ ഓഫീസറായ പൊലീസ് അസി. കമ്മീഷണർ നിർദ്ദേശിച്ചിരുന്നു. ഇക്കാര്യം കോർപ്പറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി ചർച്ച ചെയ്ത് സീബ്രാ ലൈൻ ഇല്ലാത്ത റോഡുകളുടെ ലിസ്റ്റ് തയ്യാറാക്കി റിപ്പോർട്ട് ചെയ്യുന്നതിനും പാർക്കിംഗ്, സീബ്രാ ലൈൻ എന്നിവ അടയാളപ്പെടുത്താനും ജനകീയാസൂത്രണ പദ്ധതി നിർവഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്തു. സർക്കാർ അധീനതയിലുള്ള റോഡുകളിലെ സീബ്രാ ലൈനുകളുടെ കാര്യത്തിലും കൗൺസിൽ യോഗം തീരുമാനമെടുക്കും.
പൊതുമരാമത്ത്
നടപടി സ്വീകരിച്ചു
പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മഴക്കാലത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ സീബ്രാ ലൈനില്ലാത്തതും മാഞ്ഞു പോയതുമായി റോഡുകളിൽ അടയാളപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു.
മന്ത്രി പി .എ.മുഹമ്മദ് റിയാസിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. സീബ്രാ ലൈൻ ഉണ്ടെന്ന് ഉറപ്പുവരുത്താനും വാട്ടർ അതോറിറ്റി ഉൾപ്പെടെ മറ്റു വകുപ്പുകൾക്ക് കൈമാറിയ റോഡുകളിലും മഴയ്ക്കു മുമ്പേ കുഴികൾ അടച്ചുവെന്ന് ഉറപ്പാക്കാനും മന്ത്രി കർശന നിർദ്ദേശം നൽകിയിരുന്നു.
സീബ്രാ ലൈൻ എന്തിന്
കാൽനട യാത്രക്കാർക്ക് റോഡ് സുഗമമായ മുറിച്ച് കടക്കാനുള്ള മാർഗമാണ് സീബ്രാ ലൈൻ. ഇതിൽ കാൽനട യാത്രക്കാർ നിൽക്കുന്നത് കണ്ടാൽ വാഹനങ്ങൾ നിറുത്തി അവർക്ക് പോകാനുള്ള സൗകര്യം ഒരുക്കണമെന്നാണ് നിയമം. സീബ്രാ ലൈനിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ലൈനിന് മുമ്പുള്ള രണ്ട് വെള്ള വരയ്ക്കു പിന്നിലേ നിറുത്താവൂ എന്നുമാണ് മോട്ടോർ വാഹന നിയമം.
നിയമ ലംഘനം തടയാൻ
മോട്ടോർ വാഹന വകുപ്പ്
ചെറുവണ്ണൂരിൽ സീബ്ര ക്രോസിംഗിലൂടെ റോഡ് മുറിച്ചുകടന്ന വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സീബ്ര ലൈനുകളിലെ നിയമ ലംഘനം പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. പലയിടത്തും സീബ്ര ലൈനുകൾ മാഞ്ഞു പോയ അവസ്ഥയിലാണ്. ഇത് പരിഹരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പും ആവശ്യപ്പെടുന്നുണ്ട്.