കോഴിക്കോട്: ജൈവ വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ സരോവരം ബയോപാർക്കിൽ വരും ഓർക്കിഡ് വസന്തം. വ്യത്യസ്തതരം ഓർക്കിഡുകളെ കുറിച്ചും അതിന്റെ പ്രാധാന്യവും ജനങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ മലബാർ ബോട്ടാണിക്കൽ ഗാർഡനും യു.കെയിലെ റോയൽ ബോട്ടാണിക്കൽ ഗാർഡനും സംയുക്തമായാണ് കോഴിക്കോട് ഡി.ടി.പി.സിയുടെ സഹകരണത്തോടെ സരോവരം ബയോപാർക്കിലെ മരങ്ങളിൽ ഓർക്കിഡ് ചെടികൾ വെച്ചുപിടിപ്പിക്കുന്നത്.
കേരളത്തിലെ റോഡുകളുടെ വശങ്ങളിലും മറ്റും വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റപ്പെടുന്ന മരങ്ങളിൽ കാണുന്ന ഓർക്കിഡുകളാണ് പ്രധാനമായും ഉപയോഗിക്കുക.
വാൻഡ ടെസ്റ്റേഷ്യ, റിങ്കോ സ്റ്റൈലിസ് റെറ്റ്യൂസ, സിമ്പിഡിയം അലോയ്‌ഫോളിയം, ഫോളിഡോട്ട, ബൾബോഫിലം ഫിംബ്രിയേറ്റം, ബൾബോഫിലം സ്‌റ്റെറയിൽ, അക്കാമ്പെ, ഡെൻഡ്രോബിയം ഓവേറ്റം, ഡെൻഡ്രോബിയം ബാർബേറ്റുലം, ഫ്ളിക്കൻചേരിയാ നോഡോസ, സീലോഗയിൻ, ഒബ്രോണിയ, ഏറിഡിസ് ക്രിസ്പ്പാ, ലൂസിയ, ഗ്യാസ്‌ട്രോകൈലെസ് തുടങ്ങി പതിനഞ്ചിലധികം ഓർക്കിഡുകളാണ് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്തിട്ടുള്ളത്. വെച്ചുപിടിപ്പിക്കുന്ന ഓർക്കിഡ് സസ്യങ്ങൾ പുഷ്പിക്കുന്നതിനനുസരിച്ച് ക്യുആർ സംവിധാനമുള്ള ബോർഡുകൾ സ്ഥാപിക്കുമെന്ന് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ പ്രതിനിധികൾ അറിയിച്ചു. സമൂഹത്തെ പ്രകൃതിയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയിലൂടെ അടുത്ത രണ്ടു വർഷത്തിനകം നൂറോളം തനത് ഓർക്കിഡ് സസ്യങ്ങൾ നഗര പ്രകൃതി ദൃശ്യങ്ങളിലേക്ക് എത്തപ്പെടും. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാറും യു.കെയിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡൻ പ്രതിനിധി ഡോ. സരസൻ വിശ്വംഭരനുമാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. കേരള വന ഗവേഷണ കേന്ദ്രവും ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനും കേരളത്തിലെ ഏതാനും കോളേജുകളും പദ്ധതിയുടെ ഭാഗമാണ്.
' വരും മാസങ്ങളിലും കൂടുതൽ ഓർക്കിഡ് ഇനങ്ങൾ സരോവരത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് '
ഡോ. എൻ. എസ് പ്രദീപ് , ഡയറക്ടർ ഇൻചാർജ്, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ.
'കോഴിക്കോട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളായ കടലുണ്ടി, കാപ്പാട് ബീച്ച് എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കേണ്ടതുണ്ട് '.
നിഖിൽ, സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ .