പനമരം: കിണർ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. കോഴിക്കോട് രാമനാട്ടുകര വാഴക്കാട് സ്വദേശി ആക്കോട് മുഹമ്മദ് (41) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 11.30 ഓടെയായിരുന്നു അപകടം. അപകടത്തിൽപെട്ട ഒറീസ സ്വദേശികളായ രണ്ടു തൊഴിലാളികളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. എരനല്ലൂരിൽ വൈഷ്ണവ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കിണർ നിർമാണത്തിനിടെ പടവ് തകർന്നുവീണാണ് അപകടം. വലിയ കിണറിൽ വെട്ടുകല്ല് ഉപയോഗിച്ചാണ് പടവുകൾ നിർമിക്കുന്നത്. പടവിൽ നിന്ന് നിർമാണം നടത്തുന്നതിനിടെ പടവ് തകർന്നു വീഴുകയായിരുന്നു. മരണപ്പെട്ട മുഹമ്മദ് അരമണിക്കൂറോളം വെള്ളത്തിൽ മുങ്ങിക്കിടന്നു. മാനന്തവാടിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് അദ്ദേഹത്തെ പുറത്തെടുത്തത്. മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പനമരം പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.