steelcomplex
ചെറുവണ്ണൂരിലെ സ്റ്റീൽ കോംപ്ളക്സ് (ഫയൽ)

കോഴിക്കോട്: ചെറുവണ്ണൂരിലെ സ്റ്റീൽ കോംപ്ളക്സ് ഭൂമി അന്യാധീനപ്പെടുത്തുന്നത് ചെന്നൈയിലെ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ താത്ക്കാലികമായി തടഞ്ഞു. സ്റ്റീൽ കോംപ്ളക്സ് ഛത്തീസ്ഗഡ് ഔട്ട്‌ സോഴ്സിംഗ് സർവീസിന് കൈമാറണമെന്ന നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഇടക്കാല ഉത്തരവ്. അപ്പീൽ നടപടികൾ വേഗത്തിൽ ആക്കാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും വ്യവസായ മന്ത്രി പി.രാജീവിന്റെയും നേതൃത്വത്തിൽ യോഗങ്ങൾ നടന്നിരുന്നു. 1961 ലെ സ്ഥലമേറ്റെടുക്കൽ നിയമ പ്രകാരം സ്റ്റീൽ കോംപ്ളക്സിന് സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമി അന്യാധീനപ്പെടുത്താൻ കമ്പനിക്ക് അവകാശമില്ലെന്ന സർക്കാർ നിലപാട് പ്രഥമ ദൃഷ്ട്യാ ശരിവെക്കുന്നതാണ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ്. സർക്കാരിന്റെ രേഖാമൂലമുള്ള സമ്മതമില്ലാതെ ഭൂമി കൈയൊഴിയാനോ ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ കഴിയില്ലെന്ന സർക്കാർ വാദവും ട്രിബ്യൂണൽ കണക്കിലെടുത്തു. കമ്പനിയുടെ ഭൂമി സംബന്ധമായ ഏത് തുടർ നടപടിയും കമ്പനി ലോ ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാകണമെന്നും അപ്പലേറ്റ് ട്രിബ്യൂണൽ നിഷ്‌കർഷിച്ചു. സർക്കാർ നിശ്ചയിച്ച പാട്ട വ്യവസ്ഥയ്ക്ക് വിരുദ്ധമായും സംസ്ഥാന സർക്കാരിനെ കേൾക്കാതെയുമാണ് ട്രിബ്യൂണൽ വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ അപ്പീൽ നൽകിയതന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന അഡ്വ. ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് നേരിട്ട് ചെന്നൈയിലെ അപ്പലേറ്റ് ട്രിബ്യൂണൽ മുമ്പാകെ ഹാജരായി. കേന്ദ്ര പൊതുമേഖലയിലെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ കോംപ്ളക്സ് ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഛത്തീസ്ഗഡ് കമ്പനിക്ക് കൈമാറാൻ കഴിഞ്ഞ മേയ് രണ്ടിന് കമ്പനി ട്രിബ്യൂണൽ ഉത്തരവിട്ടത്. കാനറാ ബാങ്കിൽ നിന്ന് 2013 ൽ യു.ഡി.എഫ് ഭരണകാലത്ത് എടുത്ത 45 കോടി രൂപയുടെ വായ്പാതിരിച്ചടവിൽ വീഴ്ചയുണ്ടായെന്ന് സൂചിപ്പിച്ചാണ് ഛത്തീസ്ഗഡ് ഔട്ട്‌സോഴ്സിംഗ് ലിമിറ്റഡ് സമർപ്പിച്ച റെസല്യൂഷൻ പദ്ധതിയനുസരിച്ച് കമ്പനി കൈമാറാൻ ഉത്തരവിട്ടത്. 2014ൽ ഭാഗികമായി കമ്പനിയുടെ പ്രവർത്തനം നിലച്ചു. 2016 ഡിസംബർ മുതൽ കമ്പനി പൂർണമായും പ്രവർത്തനം നിലച്ചിരിക്കുകയാണ്.