കോഴിക്കോട്: വടകരയിൽ വിജയിക്കാനായി സി.പി.എം ഉപയോഗിച്ച വ്യാജ സൃഷ്ടിയാണ് കാഫിർ പ്രയോഗമെന്ന് ഷാഫി പറമ്പിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. മതത്തിന്റെ പേരിൽ നാടിനെ ഭിന്നിപ്പിക്കാനുള്ള ഹീനശ്രമമാണ് വടകരയിൽ നടന്നത്. നാടിന്റെ ഐക്യത്തിന്റെയും പൊതുപ്രവർത്തകൻ എന്ന നിലയ്ക്ക് തന്റെയും മുഖത്ത് ആഞ്ഞ് വെട്ടാൻ സി.പി.എം ഉപയോഗിച്ച വ്യാജ സൃഷ്ടിയാണ് കാഫിർ പ്രയോഗം. വ്യാജ വെട്ടിന്റെ ഉറവിടം സി.പി.എം തന്നെയായിരുന്നുവെന്ന് തെളിഞ്ഞു. കെ.കെ. ലതിക ഉൾപ്പെടെ ഉത്തരവാദിത്തപ്പെട്ടവർ ഇത് പ്രചരിപ്പിച്ചു. പ്രതികൾ ആരെന്ന് പൊലീസിനും സിപിഎമ്മിനും അറിയാവുന്നതുകൊണ്ട് അവരെ രക്ഷിക്കാനുള്ള അവസാന ശ്രമമാണത്. അഡ്മിനോടും ഇത് പ്രചരിപ്പിച്ച കെ.കെ. ലതികയോടും ചോദിച്ചാൽ ഉറവിടം വ്യക്തമാകും. പ്രതികളെ പിടിക്കാൻ പൊലീസ് വിചാരിച്ചാൽ മിനിറ്റുകൾ മതി. പക്ഷേ, പൊലീസ് വിചാരിക്കാത്തത് സിപിഎമ്മിന് വേണ്ടിയാണ്. മുഖ്യമന്ത്രി പറയുന്ന മതേതരത്വം ആത്മാർത്ഥതയുള്ളതാണെങ്കിൽ പ്രതികളെ പിടിക്കാനുള്ള ഉത്തരവ് പൊലീസിന് കൊടുക്കണം. പൊലീസ് ഒത്തുകളി തുടർന്നാൽ യു.ഡി.എഫുമായി ആലോചിച്ച് മറ്റൊരു അന്വേഷണം ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.