ksu
എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് കിട്ടിയിട്ടും പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കൊപ്പം പരപ്പിൽ ആർ.ഡി.ഡി ഓഫീസ് ഉപരോധിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയപ്പോൾ.

കോഴിക്കോട്: പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുപോലും പ്ലസ് വൺ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട്ടെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ (ആർ.ഡി.ഡി) ഓഫീസ് ഉപരോധിച്ചു. സമരം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയപ്പോൾ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മുഴുവൻ വിഷയത്തിനും എ പ്ലസ് കിട്ടിയിട്ടും രണ്ട് അലോട്ട്‌മെന്റിലും സീറ്റ് കിട്ടാത്ത വിദ്യാർത്ഥികളായ അഭിഷേക് ,സൂര്യദത്തൻ എന്നിവരുമൊത്താണ് പ്രവർത്തകർ ഓഫീസിലെത്തി ഉപരോധിച്ചത്.
രാവിലെ 10.15 മുതൽ 45 മിനിറ്റോളമാണ് ആർ.ഡി.ഡിയെ ഉപരോധിച്ചത്. സീറ്റ് ലഭിക്കാത്തത് സംബന്ധിച്ച് ആദ്യം പ്രവർത്തകർ ആർ.ഡി.ഡിയെ കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്ന് ഉപരോധിക്കുകയായിരുന്നു. ആദ്യം ഓഫീസിനുള്ളിൽ കുത്തിയിരുന്നു ഉപരോധിച്ചെങ്കിലും പിന്നീട് പൊലീസെത്തി പ്രവർത്തകരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. തുടർന്ന് പ്രവർത്തകർ ആർ.ഡി.ഡിയുടെ മുറിയിൽ നിന്നിറങ്ങി വാതിലിന് സമീപം കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുകയായിരുന്നു. സമരം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയപ്പോൾ ചെമ്മങ്ങാട് ഇൻസ്പക്ടർ കിരൺ സ്ഥലത്തെത്തുകയും ഉപരോധം നടത്തിയ പ്രവർത്തകരെ ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് ബലമായി അറസ്റ്റു ചെയ്തു. ഓഫീസിൽ നിന്നും വനിതാ പ്രവർത്തകരെ ബലം പ്രയോഗിച്ചാണ് കൊണ്ടു പോയത്.

ജില്ലാ പ്രസിഡന്റിനെ ഉൾപ്പെടെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രവർത്തകർ ഫ്രാൻസിസ് റോഡ് ഉപരോധിച്ചു. ഇവർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇതോടെ കൂടുതൽ പൊലിസെത്തി ഇവരെ ബലമായി വാഹനത്തിൽ പിടിച്ചു കയറ്റുകയായിരുന്നു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്,​ സംസ്ഥാന സമിതി അംഗം അർജുൻ പൂനത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.പി രാഗിൻ, ഫായിസ് നടുവണ്ണൂർ, ഫുആദ് സുവീൻ, ജില്ലാ ഭാരവാഹികളായ മുആദ് നരിനട, ഫിലിപ്പ് ജോൺ, ആദിൽ മുണ്ടിയത്ത്,മെബിൻ പീറ്റർ, സിനാൻ പള്ളിക്കണ്ടി, ശ്രീരാഗ് ചാത്തമംഗലം, അർജുൻ ഏടത്തിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.