കോഴിക്കോട്: ബലക്ഷയം കണ്ടെത്തിയിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുമ്പോൾ കെ.എസ്.ആർ.ടി.സി ബസ്ടെർമിനലിനെ അപകടാവസ്ഥയിലാക്കി ചോർച്ചയും. ചെറിയ മഴ പെയ്താൽ പോലും കെട്ടിടത്തിന്റെ പല ഭാഗങ്ങളും ചോർന്നൊലിക്കുകയാണ്. യാത്രക്കാർ ബസ് കാത്ത് നിൽക്കുന്ന ഭാഗങ്ങളിലെ തൂണുകളുടെ മുകൾ വശമാണ് ചോർന്നൊലിക്കുന്നത്. കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിൽ ചവിട്ടി വേണം ബസ് കയറാൻ. ബസ് കിട്ടാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ യാത്രക്കാർ വെള്ളത്തിൽ തെന്നി വീഴുന്നതും പതിവ്. ബസ് ടെർമിനലിന്റെ പല ഭാഗങ്ങളിലുള്ള സീലിംഗ് അടർന്നുവീഴുന്നതും യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. ഡിപ്പോ ഓഫീസ് കെട്ടിടത്തിലെ ചോർച്ച കാരണം ശുചിമുറികൾ പോലും ഉപയോഗിക്കാനാകാത്ത സ്ഥിതിയുമുണ്ട്. ഓരോ ദിവസം കഴിയുംതോറും തൂണുകളടക്കമുള്ള കെട്ടിടത്തിന്റെ എല്ലാഭാഗത്തും കേടുപാടുകൾ കൂടി വരികയാണ്. നിർമാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്നാണ് ജീവനക്കാർ പറയുന്നത്.
@ കാറ്റും വെളിച്ചവുമില്ല
പട്ടാപ്പകൽ പോലും കൂരിരുട്ടിലാണ് ടെർമിനൽ. ആവശ്യത്തിന് കാറ്റും വെളിച്ചവും
ഇരിക്കാൻ ഇരിപ്പിടങ്ങളും ഇവിടെയില്ല. നിറുത്താനും തിരിച്ചിറക്കാനും ആവശ്യത്തിന് സ്ഥലമില്ലാത്തതിനാൽ ബസുകൾ ടെർമിനലിലെ തൂണുകൾക്കിടയിൽ പെടുന്നതും പതിവാണ്. ഓരോ ദിവസവും കേടുപാടുകളുമായി കെ.എസ്.ആർ.ടി.സി വർക് ഷോപ്പിലെത്തുന്നത് നിരവധി ബസുകളാണ്.
@ ബലക്ഷയം കണ്ടെത്തിയിട്ടും നടപടിയില്ല
കെട്ടിടത്തിന്റെ ചോർച്ചയും ബലക്ഷയവും കണ്ടെത്തിയിട്ടും പരിഹരിക്കാനുള്ള നടപടികളൊന്നും ഇനിയുമുണ്ടായിട്ടില്ല. പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ഐ.ഐ.ടി നിർദ്ദേശിച്ചിരുന്നെങ്കിലും ഇപ്പോഴും യാതൊരു സുരക്ഷയുമില്ലാതെയാണ് ആളുകൾ ബസ് കയറാനെത്തുന്നത്. 67 കോടി രൂപ മുടക്കിയാണ് കെ.ടി.ഡി.എഫ്.സി കെട്ടിട സമുച്ചയം നിർമിച്ചത്. നിർമാണത്തിൽ അപാകതയുള്ളതായി തുടക്കം മുതൽ ആരോപണമുയർന്നിരുന്നു. ടെർമിനലിന് ബലക്ഷയമുണ്ടെന്ന് വിജിലൻസ് ഉൾപ്പെടെ കണ്ടെത്തിയിട്ടും തുടർ പ്രവർത്തനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇതിനിടെ, കെട്ടിടം ആലിഫ് ബിൽഡേഴ്സിന് 30 വർഷത്തേക്ക് തുച്ഛമായ വാടക നിശ്ചയിച്ച് പാട്ടത്തിന് നൽകി. ഇതിനു പിന്നാലെ കെട്ടിടത്തിന്റെ 90 ശതമാനം തൂണുകളും അപകടത്തിലാണെന്നുള്ള മദ്രാസ് ഐ.ഐ.ടി സംഘത്തിന്റെ റിപ്പോർട്ടും പുറത്തുവന്നു. ബലപ്പെടുത്തലിന് 35 കോടി ചെലവാകുമെന്നും വിദഗ്ധ സംഘം നിർദേശിച്ചു. എന്നാൽ ഈ റിപ്പോർട്ടിന്റെ ഭാഗമായി സർക്കാർ സമിതി മൂന്നുവട്ടം ഐ.ഐ.ടി വിധഗ്ദ്ധരുമായി ചർച്ച നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ബലപ്പെടുത്തിയശേഷം മാത്രമേ കെ.ടി.ഡി.എഫ്.സി.യിൽനിന്ന് കെട്ടിടം ഏറ്റെടുക്കൂവെന്നാണ് ആലിഫ് ബിൽഡേഴ്സിന്റെ നിലപാട്. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്.
''എപ്പോഴാണ് കെട്ടിടം ഇടിഞ്ഞ് തലയിൽ വീഴുക എന്നറിയില്ല.കെട്ടിടം വീണാലേ നടപടി ഉണ്ടാകൂ എന്നാണോ? മഴ പെയ്താൽ ഇവിടെ എവിടെയും നിൽക്കാൻ പറ്റില്ല, ആകെ ഇരുട്ടാണ്. ശ്വാസം കിട്ടാൻ തന്നെ പ്രയാസം''
രാഘവൻ, യാത്രക്കാരൻ