കുറ്റ്യാടി: കാഫിർ പരാമർശത്തിൽ കെ.കെ.ലതികക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ വി.പി ദുൽഖിഫിൽ നൽകിയ പരാതി സ്വീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം. പരാതി സ്വീകരിക്കില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ നിലപാടെടുത്തതോടെ ദുൽഖിഫിൽ ഒന്നര മണിക്കൂറോളം സ്റ്റേഷനിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ ചാലിൽ, ഷംസീർ എ കെ, കെ കെ ജിതിൻ, ജംഷി അടുക്കത്ത്, അഫ്സൽ മുഹമ്മദ്, പിപികെ നവാസ് അമാൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഒടുവിൽ ഡി.വൈ.എസ്.പിയുടെ നിർദേശത്തെ തുടർന്ന് പരാതി സ്വീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.