 
കോഴിക്കോട്: മൂന്ന് അലോട്ട്‌മെന്റുകൾ പൂർത്തിയായപ്പോൾ ജില്ലയിൽ ഇതുവരെ പ്ലസ് വൺ പ്രവേശനം നേടിയത് 31,389 പേർ. ആകെയുള്ള 31406 സീറ്റുകളിലേക്ക് ജില്ലയിൽ 48156 വിദ്യാർത്ഥികളാണ് അപേക്ഷിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുപ്രകാരം ഇനി 17 സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇതുപ്രകാരം 16767 വിദ്യാർത്ഥികൾ സീറ്റില്ലാതെ അനിശ്ചിത്വത്തിലാണ്. 22987 ജനറൽ സീറ്റുകളിൽ പ്രവേശനം പൂർത്തിയിട്ടുണ്ട്. അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ സപ്ലിമെന്ററി അലോട്ട്‌മെന്റുകളും ഉണ്ടാകും. ഇതുവരെ അപേക്ഷിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്‌മെന്റ് സമയത്ത് അപേക്ഷ നൽകാം.
വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളി ടെക്നിക്ക് ഉൾപ്പെടെയുള്ള ഉപരിപഠന സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയാൽ പോലും അയ്യായിരത്തോളം വിദ്യാർത്ഥികളുടെ ഭാവി തുലാസിലാണ്. താത്കാലിക ബാച്ചിനും മാർജിനൽ വർദ്ധനയ്ക്കും പകരം സ്ഥിരം ബാച്ച് അനുവദിച്ചാൽ സീറ്റ് പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയും. മലബാറിലെ പ്രതിസന്ധി കണക്കിലെടുത്ത് 150 അധിക പ്ലസ് വൺ ബാച്ച് അനുവദിക്കണമെന്ന് കാർത്തികേയൻ കമ്മിറ്റി നൽകിയ ശുപാർശയിൽ ഇതുവരെ സർക്കാർ തീരുമാനമെടുത്തിട്ടില്ല. സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യുവും എം.എസ്.എഫും അടക്കമുള്ള സംഘടനകൾ സമരവുമായി രംഗത്തുണ്ട്.
ആകെ സീറ്റുകൾ....31406
അപേക്ഷിച്ചത്.... 48156
സീറ്റ് ലഭിക്കാത്തവർ....16767