moshanam

സുൽത്താൻ ബത്തേരി: വീട്ടുകാർ പുറത്തേക്കുപോയ നേരം നോക്കി വീട് കുത്തിത്തുറന്ന്‌ ഷെൽഫിൽ സൂക്ഷിച്ചിരുന്ന 14,​ 8000 രൂപ കവർന്നു. സി.എം ഫിഷറീസ് ഉടമ മലപ്പുറം സ്വദേശി കൂരിമണ്ണിൽ പുളിക്കാമത്ത് അബ്ദുൾ അസീസ് എന്ന കുട്ടിയുടെ സുൽത്താൻ ബത്തേരി കോട്ടക്കുന്നിലെ മൈസൂർ റോഡിൽ ഗീതാഞ്ജലി പമ്പിന് എതിർവശത്തെ വീട്ടിലായിരുന്നു മോഷണം. ഇന്നലെ പുലർച്ചെ നാല് മണിക്ക്‌ ശേഷമായിരുന്നു സംഭവം. മുൻവശത്തെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ ഇരുമ്പ്‌ മേശയിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന തുകയാണ് കവർന്നത്. അബ്ദുൾ അസീസിന്റെ മകൻ മുഹമ്മദ് ജൗഹറും ജീവനക്കാരുമാണ് ഇവിടെ താമസം. പുലർച്ചെ നാല് മണിയോടെ മത്സ്യമാർക്കറ്റിലേക്ക്‌ പോയ സമയത്താണ്‌ മോഷണം നടന്നതായി പറയുന്നത്. മാർക്കറ്റിൽ നിന്ന് മൈസൂരുവിലേക്ക് മത്സ്യവുമായി പോകുന്നതിനിടെ ജീവനക്കാരൻ വീട്ടിലെത്തിയപ്പോൾ മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നതായി കാണുകയായിരുന്നു. സംശയംതോന്നി പരിശോധിച്ചപ്പോഴാണ്‌ മോഷണം നടന്നതായി കണ്ടെത്തിയത്. ഉടൻ സുൽത്താൻ ബത്തേരി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അബ്ദുൾ അസീസിന്റെ മകന്റെ പരാതിയിൽ പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ്സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.