കോഴിക്കോട്: നെറ്റ് പരീക്ഷാ അട്ടിമറി വിഷയത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇൻകം ടാക്സ് ഓഫീസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി പ്രയോഗിച്ചു. ആറു പേരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെ ക്രിസ്ത്യൻ കോളേജ് പരിസരത്ത് നിന്ന് പ്രകടനവുമായെത്തിയ പ്രവർത്തകരെ മാനാഞ്ചിറ ആദായ നികുതി ഓഫീസിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി തള്ളിയിടാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ബാരിക്കേഡിലെ വടം അഴിച്ചെടുക്കാൻ ശ്രമിക്കുകയും ബാരിക്കേഡ് തകർത്ത് ഓഫീസിലേക്ക്തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകർത്ത പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേന്ദ്രകമ്മിറ്റിയംഗം കെ.വി.അനുരാഗ് മാർച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയെ കച്ചവടവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പരീക്ഷയുടെ വിശ്വാസ്യത നഷ്ടമാകുകയും വിദ്യാർത്ഥികളുടെ ഭാവി ചോദ്യചിഹ്നമായി മാറുകയും ചെയ്തുവെന്നും അനുരാഗ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.താജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജോയിൻ സെക്രട്ടറി ഫിദൽ റോയസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗ് ഹിബ സുലെെമാൻ എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടന ശേഷം ബാരിക്കേഡ് തകർത്ത് പുറത്തുകടന്ന പ്രവർത്തകരും പൊലീസും തമ്മിൽ വീണ്ടും സംഘർഷത്തിലായി. മുദ്രാവാക്യവുമായി പ്രതിഷേധം തുടർന്നതോടെ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
മാർച്ചിനെ തുടർന്ന് രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മാർച്ച് ആരംഭിക്കുന്നതിന് മുമ്പുതന്നെ പൊലീസ് മാനാഞ്ചിറ എസ്.ബി.ഐക്ക് മുമ്പിൽ ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നു. തുടർന്ന് ബീച്ചിലേക്കും മാനാഞ്ചിറ പരിസരങ്ങളിലേക്കും പോകേണ്ട വാഹനങ്ങൾ കണ്ണൂർ റോഡ് വഴിയാണ് പോയത്. ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി.