ksu
പ്ലസ്-വൺ സീറ്റ് വിഷയത്തിൽ കെ.എസ്.യു ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനെത്തിയ പ്രവർത്തകനെ പൊലീസ് വളഞ്ഞിട്ട് തല്ലിയപ്പോൾ

കോഴിക്കോട്: പ്ലസ്-വൺ സീറ്റ് വിഷയത്തിൽ കെ.എസ്.യു ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗം. സമരം കൂടുതൽ അക്രമാസക്തമാവുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തപ്പോൾ ലാത്തിച്ചാർജ്. നിരവധി സമരക്കാർക്കും നടക്കാവ് എ.സിയും സി.ഐയുമടക്കം നാല് പൊലീസുകാർക്കും പരിക്ക്. ഒരു മണിക്കൂറോളം വയനാട് ദേശീയപാത സ്തംഭിച്ചു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഫായിസ് നടുവണ്ണൂർ, ഭാരവാഹികളായ വി.കെ ആയിഷ, ബിതുൽ ബാലൻ എന്നിവർക്കാണ് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടക്കാവ് എ.സി.കെ.ജി.സുരേഷ്, സി.ഐ എം.ജെ.ജിജോ, എസ്.ഐ.ലീല, എസ്.ഐ.രാമചന്ദ്രൻ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ 21 പേർക്കെതിരെ നടക്കാവ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.

മലബാർമേഖലയിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന സ്‌കോളർഷിപ്പുകൾ, ഇ-ഗ്രാന്റ് എന്നിവ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. ഉച്ചയ്ക്ക് 12 മണിയോടെയാണ് മാർച്ച് കളക്ടറേറ്റിലേക്കെത്തിയത്. പെരുമഴ നനഞ്ഞെത്തിയ പ്രവർത്തകർ ആദ്യം ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. അതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിയിലെ വെള്ളം തീരംവരെ പ്രതിഷേധിച്ച പ്രവർത്തകർ പിന്നീട് ബാരിക്കേഡ് തകർത്ത് ദേശീയ പാത ഉപരോധിച്ചു. പൊലീസെത്തി പ്രവർത്തകരെ നീക്കാൻ നടത്തിയ ശ്രമം സംഘർഷത്തിലേക്ക് നീങ്ങി. പൊലീസ് ലാത്തി വീശിയതോടെ പ്രവർത്തകർ പൊലീസിനെ നേരിട്ടു. അപ്പോഴേക്കും എൻ.എസ്.യു നേതാവ് കെ.എം.അഭിജിത്ത് സ്ഥലത്തെത്തി. പൊലീസുകാരോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും റോഡ് ഉപരോധിച്ചവരെയെല്ലാം റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് പൊലീസ് വാഹനത്തിലേക്ക് കയറ്റി. വണ്ടിക്കുള്ളിൽ നിന്നും പ്രവർത്തകർ പൊലീസുമായി തർക്കം തുടർന്നു.
ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്, അർജുൻ പൂനത്ത്, എ.കെ ജാനിബ്, എം.പി രാഗിൻ, ഫുആദ് സുവീൻ, മുഹമ്മദ് സഹൽ, മുആദ് നരിനാട, രാഹുൽ ചാലിൽ അഭിരാം പ്രകാശ്, നഫിൻ ഫൈസൽ, അനുഗ്രഹ മനോജ്, തനുദേവ് കൂടംപൊയിൽ, മെബിൻ പീറ്റർ, ഋഷികേശ് അമ്പലപ്പടി, പി.വിഥുൻ, ശ്രേയ മനോജ്,അഭിനന്ദ് താമരശ്ശരി,പി.വി.എം മുസമിൽ,ഹരിനന്ദ് പനങ്ങാട്,ആദിൽ കോക്കല്ലൂർ,ശ്രീരാഗ് ചാത്തമംഗലം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയത്.