brd
മീനങ്ങാടി പന്നിമുണ്ട തച്ചമ്പത്ത് കോളനിയെന്ന ബോർഡ് മാറ്റി തച്ചമ്പത്ത് കുടിയെന്ന് പുനർനാമകരണം ചെയ്ത ബോർഡ്

മീനങ്ങാടി: കോളനി എന്ന പേരുമാറ്റത്തിന് പിന്നാലെ ആദിവാസികൾ തന്നെ പുതിയപേരുകൾ നൽകിത്തുടങ്ങി. മീനങ്ങാടി പന്നിമുണ്ട തച്ചമ്പത്തുകാരാണ്‌ കോളനിയെന്ന പേരു മാറ്റി തച്ചമ്പത്ത് കുടിയെന്ന് നാമകരണം ചെയ്തത്. കുറുമ വിഭാഗക്കാരായ അമ്പതോളം കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. കുറുമർ കുടുംബങ്ങൾ ഒന്നാകെ താമസിക്കുന്ന പ്രദേശങ്ങൾക്ക് കാലങ്ങളായി ഉപയോഗിച്ചുവന്നിരുന്നത് കുടി എന്നായിരുന്നു. എന്നാൽ സർക്കാർ രേഖയിൽ ഉൾപ്പെടെ തച്ചമ്പത്ത്‌ കോളനി എന്നായിരുന്നു. തച്ചമ്പത്ത്‌ കോളനി എന്ന ബോർഡും ഇവിടെ സ്ഥാപിച്ചിരുന്നു. സർക്കാരിന്റെ ഉത്തരവിന് പിന്നാലെ കോളനി എന്ന ബോർഡ് മാറ്റി കുടി എന്നാക്കി. മീനങ്ങാടി പഞ്ചായത്തിലെ 17 -ാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണിത്.

എത്രയോ കാലമായി അപമാന ഭാരത്തോടെ ഉപയോഗിച്ചിരുന്ന പേരാണ് ഇപ്പോൾ മാറി കിട്ടിയതെന്ന് പ്രദേശവാസികൾ പറയുന്നു. ജില്ലയിലെ മറ്റു പ്രദേശങ്ങളിലും ആദിവാസികൾ തന്നെ മുൻകൈയെടുത്ത് പുതിയ പേര് നൽകിവരുന്നുണ്ട്. സർക്കാർരേഖകളിലും ഉടൻ മാറ്റം വരുത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. കഴിഞ്ഞദിവസം സ്ഥാനം ഒഴിഞ്ഞ പട്ടികവർഗ മന്ത്രി കെ. രാധാകൃഷ്ണനാണ് ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. പട്ടികവർഗക്കാർ വർഷങ്ങളോളമായി ആവശ്യപ്പെടുന്നതാണ്‌ കോളനി എന്ന പേരുമാറ്റം. പേരുമാറ്റത്തിനപ്പുറം തങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ കൂടി പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് ആദിവാസികൾ ആവശ്യപ്പെടുന്നത്.