കോഴിക്കോട് : പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആർ.ഡി.ഡി ഓഫീസ് ഉപരോധത്തിൽ സംഘർഷം. പൊലീസിന്റെ ബാരിക്കേഡിന് പിറകിലൂടെ മതിലുചാടിക്കടന്നെത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഏറെനേരം പ്രവർത്തകരും പൊലീസും തമ്മിൽ കൈയാങ്കളിയുണ്ടായി. ഇന്നലെ രാവിലെ 10.30 ഓടെയാണ് ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് കോമ്പൗണ്ടിലേക്ക് എം.എസ്.എഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.
ഉപരോധം നടക്കുമെന്നറിഞ്ഞ് പൊലിസ് നേരത്തെ തന്നെ ഒന്നാംനിലയിലുള്ള ആർ.ഡി.ഡി ഓഫീസിലേക്ക് കയറുന്ന ഭാഗത്തെ ഗേറ്റ് താഴിട്ടുപൂട്ടിയിരുന്നു. പത്തോടെ എം.എസ്.എഫ് ജില്ലാ സെക്രട്ടറി അഫ്‌നാസ് ചോറോടും പ്രസിഡന്റ് ഷുഹൈബും ഓഫീസ് കോമ്പൗണ്ടിൽ പ്രവേശിക്കുകയും ആർ.ഡി.ഡി ഓഫീസ് പ്രവർത്തിക്കുന്ന ഒന്നാംനിലയിലേക്ക് കയറിപ്പോകാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ആർ.ഡി.ഡിയുമായി സംസാരിക്കാനാണെന്ന് നേതാക്കൾ പറഞ്ഞെങ്കിലും പൊലീസ് കടത്തിവിടാൻ തയ്യാറായില്ല. അതേസമയം പുറത്തുനിന്നുള്ള പ്രവർത്തകരെ ആരേയും കോമ്പൗണ്ടിനുള്ളിലേക്ക് പോലും പ്രവേശിക്കാൻ പൊലീസ് അനുവദിച്ചില്ല. തുടർന്ന് സമീപത്തുള്ള വീടിന്റെ മതിൽ ചാടിക്കടന്ന് പ്രവർത്തകർ ഓഫീസ് കോമ്പൗണ്ടിലെത്തുകയും മുദ്രാവാക്യം വിളിക്കുകയും ഓഫീസിലേക്ക് കയറിപ്പോകുന്ന ഭാഗത്തെ അടച്ചിട്ട ഗേറ്റ് ചവിട്ടിപൊളിക്കാൻ ശ്രമിക്കുകയും ചെയ്തു. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധിച്ച പ്രവർത്തകരെ ബലമായി പിടിച്ചുമാറ്റിയത്. ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട്, ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ജുനൈദ് പരിങ്ങളം, സാജിദ് റഹ്മാൻ, എൻ.പി ഷാഫി , യാസീൻ കൂളിമാട്, കെ.ടി ആദിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്ലസ് വൺ അധിക ബാച്ചുകൾ
അനുവദിക്കണം: യു.ഡി.എഫ്
കോഴിക്കോട്: അവസാന അലോട്‌മെന്റ് കഴിഞ്ഞിട്ടും പ്ലസ് വണ്ണിന് അമ്പത്തിനാലായിരം സീറ്റിന്റെ കുറവ് കോഴിക്കോട് ജില്ലയിൽ ഉണ്ടായിരിക്കെ അടിയന്തിരമായി ജില്ലയിൽ അഡീഷണൽ ബാച്ചുകൾ അനുവദിച്ച് വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാൻ സർക്കാർ തയ്യാറാവണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.
കോഴക്കോട് ജില്ല ഉൾപ്പെടെ മലബാറിൽ പ്ലസ് ടു സീറ്റുകളുടെ കുറവ് കണക്കുകൾ സഹിതം ചൂണ്ടിക്കാട്ടി യു.ഡി.എഫും വിദ്യാഭ്യാസ വിദഗ്ദ്ധരും അധിക പ്ലസ് ടു ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ടപ്പോൾ പുച്ഛിച്ചു തള്ളിയ വിദ്യാഭ്യാസ മന്ത്രി അരലക്ഷത്തിന് മുകളിൽ വിദ്യാർത്ഥികൾ സീറ്റില്ലാതെ തെരുവിൽ അലയുമ്പോൾ നിസ്സംഗത പുലർത്തുന്നത് പ്രതിഷേധാർഹമാണ്. യു.ഡി.എഫ് വിദ്യാർത്ഥി സംഘടനകൾ പ്ലസ് ടു വിനു വേണ്ടി സമരം നടത്തുമ്പോൾ യജമാന ഭക്തി മൂലം സമരത്തിൽ നിന്നു മാറി നിൽക്കുകയാണ് എസ്.എഫ്.ഐ, ആത്മാർത്ഥതയുണ്ടെങ്കിൽ സ്വന്തം മന്ത്രിമാരുടെ ഓഫീസിനു നേരെയാണ് എസ്.എഫ്.ഐ സമരം നടത്തേണ്ടതെന്നും യു.ഡി.എഫ് കോഴിക്കോട് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, കൺവീനർ അഹമ്മദ് പുന്നക്കൽ എന്നിവർ അറിയിച്ചു.