കോഴിക്കോട്: മിഠായിത്തെരുവിലേക്ക് കണ്ണും നട്ടിരിക്കുന്ന എസ്.കെയുടെ പ്രതിമയ്ക്ക് താഴെ അവരിരുന്ന് 'ഒരു തെരുവിന്റെ കഥ' വായിച്ചു. വന്നവരും പോയവരും വായനയിൽ പങ്കാളികളായി. സാഹിത്യനഗരം പ്രഖ്യാപത്തിന്റെ മുന്നോടിയായാണ് മേയറുടെ നേതൃത്വത്തിൽ
മിഠായിതെരുവിൽ പുസ്തക വായന നടത്തിയത്. കോഴിക്കോടിനെ സാഹിത്യത്തിൽ അടയാളപ്പെടുത്തിയ മൺമറഞ്ഞ സാഹിത്യ കുലപതികളുടെ മക്കളും കൊച്ചുമക്കളും വായനയിൽ പങ്കാളികളായി.
മേയർ ബീന ഫിലിപ്പ് എസ്.കെ പൊറ്റക്കാടിന്റെ 'ഒരു തെരുവിന്റെ കഥ'യിലെ ഏതാനും ഭാഗങ്ങൾ വായിച്ച് വായനയ്ക്ക് തുടക്കമിട്ടു. ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മകൾ ഷാഹിന 'പ്രേമലേഖനം', നഗരാസൂത്രണ സ്ഥിരംസമിതി ചെയർപേഴ്സൺ കെ. കൃഷ്ണകുമാരി 'തിക്കോടിയന്റെ കാലം', എസ്.കെ പൊറ്റക്കാടിന്റെ മകൾ സുചിത്ര 'തെരുവിന്റെ കഥ' എന്നീ പുസ്തകങ്ങൾ വായിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ, തിക്കോടിയന്റെ മകൾ പുഷ്പ, എസ്. കെ പൊറ്റക്കാടിന്റെ പേരമകൾ നീതു എന്നിവരും കോർപറേഷൻ കൗൺസിലർമാരും പരിപാടിയിൽ പങ്കെടുത്തു. സാഹിത്യ നഗരം പദവി ലഭിച്ചതിൽ കോഴിക്കോട്ടെ ജനങ്ങൾ കക്ഷി രാഷ്ട്രീയത്തിനതീതമായി അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ടെന്ന് മേയർ പറഞ്ഞു. അവരുടെ പ്രതികരണങ്ങൾ ഇനിയും മുന്നോട്ട് പോകാൻ പ്രചോദനം നൽകുമെന്നും മേയർ പറഞ്ഞു. ഇന്നാണ് സാഹിത്യ സഗരം പ്രഖ്യാപനം. സാഹിത്യ നഗരം ലോഗോ പ്രകാശനം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിക്കും.
സാഹിത്യനഗര പ്രഖ്യാപനം ഇന്ന്
കോഴിക്കോട്: ഇന്ത്യയിലെ ആദ്യ സാഹിത്യനഗരമായി യുനെസ്കോ കോഴിക്കോടിനെ തിരഞ്ഞെടുത്തതിന്റെ പ്രഖ്യാപനം ഇന്ന് വൈകിട്ട് 5.30ന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. കണ്ടംകുളം ജൂബിലി ഹാളിൽ നടക്കുന്ന പരിപാടിയിൽ കോർപറേഷന്റെ വജ്രജൂബിലി പുരസ്കാരം എം.ടി. വാസദേവൻ നായർക്ക് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം. സാഹിത്യ നഗരത്തിന്റെ ലോഗോ പ്രകാശവും വെബ് സൈറ്റ് ഉദ്ഘാടനവും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. സാഹിത്യ നഗര കേന്ദ്രത്തിന്റെ പ്രഖ്യാപനം സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിക്കും. മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം. പി, എം. എൽ. എമാരായ തോട്ടത്തിൽ രവീന്ദ്രൻ , അഹമ്മദ് ദേവർകോവിൽ എന്നിവർ പങ്കെടുക്കും.