കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകിയ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ തുല്യതയോടെ, സമത്വപൂർവം പരിഗണിക്കണം എന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഇത് ഏറ്റവും നന്നായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്ത് ന്യൂനപക്ഷ വികസന വകുപ്പ് രൂപീകരിച്ച ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും റിയാസ് പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സംഘടിപ്പിച്ച ജില്ലാതല സെമിനാർ കോവൂരിലെ പി.കൃഷ്ണപിള്ള ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ എ.എ.റഷീദ് അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ ഉമർ ഫൈസി മുക്കം, ജനറൽ കൺവീനർ ബാബു എബ്രഹാം, വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ജോണി ജോസഫ് (പെന്തക്കോസ്ത് സഭ) ഫാദർ ബേസിൽ ടി ഏലിയാസ് (യാക്കോബായ), ടി.കെ.അബ്ദുറഹ്മാൻ ബാഖവി (കേരള മുസ്ലിം ജമാഅത്ത്), അശോകൻ കെ.ടി (കേരള ബുദ്ധമഹാസഭ), ഫാദർ പോൾ പേഴ്‌സി ഡിസിൽവ (ലത്തീൻ കാത്തലിക് അസോസിയേഷൻ കോഴിക്കോട് രൂപത), വി.അബ്ദുൽസലാം (കെ.എൻ.എം), സിറാജുദ്ദീൻ ഇബ്‌നു ഹംസ (ജമാഅത്തെ ഇസ്ലാമി), പി.കെ.അബ്ദുൽ ലത്തീഫ് (എം.ഇ.എസ്), അഫ്‌സൽ കൊളാടി (ഐ.എ.എം.ഇ), അബ്ദുൾ സഫീർ (വിസ്ഡം), ബിനു എഡ്വെഡ് (കേരള ലാറ്റിൻ കാതോലിക്ക്), പാസ്റ്റർ നോബിൾ തോമസ് എന്നിവർ പ്രസംഗിച്ചു. കമ്മിഷൻ അംഗം എ.സൈഫുദ്ദീൻ സ്വാഗതവും പി.റോസ നന്ദിയും പറഞ്ഞു.