 
കോഴിക്കോട്: പ്ലസ് വൺ സീറ്റ് വിഷയം ഉന്നയിച്ച് വിവിധ വിദ്യാർത്ഥി സംഘടനകൾ ഇന്നലെയും പ്രത്യക്ഷ സമരവുമായി രംഗത്തെത്തി. കെ.എസ്.യു കോഴിക്കോട് ആർ.ഡി.ഡി ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. ഓഫീസിൽ ചാടി കയറാൻ ശ്രമിച്ച പ്രവർത്തകരെ ബലം പ്രയോഗിച്ചു മാറ്റി. ഉദ്യോഗസ്ഥരെ ഓഫീസിൽ പ്രവേശിപ്പിക്കാതെ കുത്തിയിരുന്ന് പ്രതിഷേധിച്ച കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് ഉൾപ്പെടെ ഏഴ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവൂർ റോഡ് രാജാജി ജംഗ്ഷൻ ഉപരോധിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി, ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ തുടങ്ങിയ ഇരുപതോളം നേതാക്കളെ അറസ്റ്റ് ചെയ്തു. മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണമെന്ന ആവശ്യവുമായി എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ സമരരംഗത്താണ്. കഴിഞ്ഞദിവസം കെ.എസ്.യുവും എം.എസ്.എഫും നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇന്ന് കെ.എസ്.യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
@ എസ്.ഡി.പി.ഐ ഉപരോധം ഇന്ന്
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി ഇന്ന്
റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് ഉപരോധിക്കും. രാവിലെ 10ന് ആരംഭിക്കുന്ന ഉപരോധം ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്യും.