
ബേപ്പൂർ : ട്രോളിംഗ് നിരോധനം തുടങ്ങി രണ്ടാഴ്ചയായിട്ടും മത്സ്യ തൊഴിലാളികൾക്ക് നിരോധന വേളയിൽ അനുവദിച്ചിരുന്ന സൗജന്യ റേഷൻ കിട്ടിയിട്ടില്ല. ജൂൺ ഒമ്പതിന് അർദ്ധരാത്രി തുടങ്ങിയ ട്രോളിംഗ് നിരോധനം ജൂലായ് 31നാണ് അവസാനിക്കുക. കഴിഞ്ഞ വർഷം സൗജന്യ റേഷനും സമാശ്വാസ നിധിയും മത്സ്യ തൊഴിലാളികൾക്ക് ലഭിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സമാശ്വാസ നിധിയിലെ ആദ്യ ഗഡുവായ 1500 രൂപ ലഭിച്ചിട്ടുണ്ട്. സംസ്ഥാന-കേന്ദ്ര വിഹിതമടക്കം 4500 രൂപയാണ് 3 ഗഡുക്കളായി അനുവദിച്ചിരുന്നത്. സിവിൽ സപ്ലൈ ഓഫീസിലേക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും വിതരണത്തിനായി റേഷൻ കടകളിൽ അരി എത്തിയിട്ടില്ലെന്നാണ് കടയുടമകൾ പറയുന്നത്. പുതുതായി സൗജന്യ റേഷന് അപേക്ഷിക്കുന്ന മത്സ്യ തൊഴിലാളി നിരവധി കടമ്പകൾ കടന്ന് വേണം സൗജന്യ റേഷന് അർഹനാകുവാൻ. കാർഡുകളുടെ നിറം നോക്കി മുൻഗണനാടിസ്ഥാനമെന്ന കടമ്പയും കടന്നാൽ മാത്രമേ അരി കിട്ടുകയുള്ളൂ. ഇത്തരം നൂലാമാലകളുള്ളതിനാൽ 5 കിലോ അരിക്ക് 500 രൂപ ചെലവാക്കേണ്ട സ്ഥിതിയാണ്. മുൻകാലങ്ങളിൽ അർഹരായവരുടെ ലിസ്റ്റ് നോക്കിയാണ് ഗുണഭോക്താവിനെ നിശ്ചയിക്കുന്നത്. മത്സ്യഗ്രാമത്തിലെ അംഗത്വം മാത്രം മാനദണ്ഡമാക്കി സൗജന്യ റേഷൻ അനുവദിക്കണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം. ക്ഷേമനിധിയിൽ വർഷം തോറും മത്സ്യ തൊഴിലാളികൾ അടക്കുന്ന വിഹിതമായ 1500 രൂപ മാത്രമാണ് ഇപ്പോൾ ലഭിച്ചതെന്നും കേന്ദ്ര -സംസ്ഥാന വിഹിതമായ 3000 രൂപ ഇനി കിട്ടാൻ സാധ്യതയുണ്ടോ എന്നാണ് മത്സ്യ തൊഴിലാളികൾ ചോദിക്കുന്നത്.
'നാലായിരത്തോളം മത്സ്യ തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകുന്നതിന് സിവിൽ സപ്ലൈ ഓഫീസിലേക്ക് വെള്ളയിലെ ഫിഷറീസ് ജില്ലാ കാര്യാലയത്തിൽ നിന്ന് രേഖാമൂലം അറിയിപ്പ് നൽകിയിട്ടുണ്ട് ഫിഷറീസ് അധികൃതർ പറയുന്നത്.
സൗജന്യ റേഷന് അപേക്ഷിക്കാൻ
മത്സ്യ ഗ്രാമത്തിലെ വ്യക്തിയാണോ എന്ന് തെളിയിക്കുന്ന രേഖ ,
ആധാർ കാർഡ്,
താമസക്കാരനാണെന്ന് തെളിയിക്കുന്ന നികുതി അടച്ച റസീത്,
ബോട്ടിലെ ജീവനക്കാരനാണെന്ന് തെളിയിക്കുന്ന ബോട്ട് ഉടമയുടെ സത്യവാങ്മൂലം.
ബോട്ടിന്റെ ലൈസൻസ്,
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്,
ക്ഷേമനിധിയിൽ പണമടച്ചതിന്റെ രേഖകൾ,
റേഷൻ കാർഡിന്റെ കോപ്പി