കോഴിക്കോട്: ജനപക്ഷ ബദലിനായി അണിനിരക്കണമെന്നും ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താനും കേരള എൻ.ജി.ഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. സിവിൽ സർവീസിനെ തകർക്കുക എന്നത് തീവ്ര നവലിബറൽ നയങ്ങൾ പിന്തുടരുന്ന ബി.ജെ.പി സർക്കാരിന്റെ പ്രധാന അജണ്ടയാണ്. ജനപക്ഷ ബദൽ നയങ്ങളുടെ നിർവഹണത്തിനായി സിവിൽ സർവീസിനെ ശക്തിപ്പെടുത്തി കേരളം മന്നേറുകയാണ്. സിവിൽ സർവീസിന് ആകെ അപമാനമായ അഴിമതിക്കാരെ കണ്ടെത്തി നിയമ നടപടിക്ക് വിധേയമാക്കാൻ കഴിയേണ്ടതുണ്ട്.
ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ബഹുജനങ്ങൾക്ക് പരമാവധി ചുരുങ്ങിയ സമയത്തിനുള്ളിൽ സേവനം ലഭ്യമാക്കുന്ന നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്നത്. സിവിൽ സർവീസ് അഴിമതി വിമുക്തവും കാര്യക്ഷമവും ആക്കി മാറ്റുന്നതിന് ജീവനക്കാരുടെയും സംഘടനകളുടെയും ഐക്യപ്പെടൽ ഉണ്ടാവേണ്ടതുണ്ട്. ജീവനക്കാരുടെ അവകാശാനുകൂല്യങ്ങൾ അനുവദിക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമായ നിലപാടാണ് കേന്ദ്രസർക്കാരിന്റെ കടുത്ത അവഗണനക്കിടയിലും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കേന്ദ്ര സർക്കാരിന്റ തെറ്റായ നിലപാടുകളോടൊപ്പം നിന്ന് അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേരളത്തിൽ പ്രതിപക്ഷം നിരന്തരം സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്ന് പ്രമേയം വ്യക്തമാക്കുന്നു. സംസ്ഥാന സെക്രട്ടറി പി.പി. സന്തോഷ് പ്രമേയം അവതരിപ്പിച്ചു. ചർച്ചയിൽ വിജേഷ് വി (കാസർകോട് ), എം അനീഷ് കുമാർ (കണ്ണൂർ), വി. ജെ. ഷാജി (വയനാട്), ടി. അനിൽകുമാർ (കോഴിക്കോട്), എൻ. കെ. ശിവശങ്കരൻ (മലപ്പുറം), കൃഷ്ണനുണ്ണി (പാലക്കാട്), ആർ. എൽ. സിന്ധു (തൃശ്ശൂർ), എൻ. എം. രാജേഷ് (എറണാകുളം), പി.മാടസ്വാമി (ഇടുക്കി), വി. വി. വിമൽകുമാർ (കോട്ടയം), കെ. വേണു (ആലപ്പുഴ), ആദർശ് കുമാർ (പത്തനംതിട്ട), സജി ലിയോൺ (കൊല്ലം), ഡി.പി. സെൻകുമാർ (തിരുവനന്തപുരം നോർത്ത് ), എ. ബി. വിജയകുമാർ (തിരുവനന്തപുരം സൗത്ത്) എന്നിവർ പങ്കെടുത്തു.