കൊയിലാണ്ടി: പുഴയിൽ ചാടിയ യുവതിയെ രക്ഷിച്ച ബസ് ജീവനക്കാരനെ ആദരിച്ചു. കൊയിലാണ്ടി- താമരശ്ശേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ക്ലീനർ ബാലുശ്ശേരി സ്വദേശി ഷിമിത്തിനെയാണ് ആദരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് സ്കൂട്ടറിലെത്തിയ യുവതി കണയങ്കോട് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. ബസിൽ നിന്ന് സംഭവം കണ്ട ഷിമിത്ത് ബെല്ലടിച്ച് ബസ് നിർത്തി പുഴയിലേക്ക് ചാടി നാട്ടുകാരായ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ യുവതിയെ രക്ഷിക്കുകയായിരുന്നു. ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ മെൽവിൻ ജോസ് ഉപഹാരം നൽകി, അരമന രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. അഗ്നിശമന സേന ഇൻസ്പെക്ടർ സി.കെ.മുരളീധരൻ, ടി.കെ.ദാസൻ, പി.സുനിൽകുമാർ, രജീഷ്, രജ്ഞിത്ത്, എ.വി.സത്യൻ എന്നിവർ പ്രസംഗിച്ചു.