ayisha
ചേലക്കോടൻ ആയിഷുമ്മ

കോഴിക്കോട്: കേരളത്തിന്റെ സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ ചേലക്കോടൻ ആയിഷുമ്മയുടെ പേരിലെ മ്യൂസിയം ജില്ലയുടെ സാക്ഷരതാ കേന്ദ്രമാക്കുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്തും ജില്ലാ സാക്ഷരതാ മിഷനും ചേർന്ന് ജില്ലാപഞ്ചായത്ത് കെട്ടിടത്തിൽ ആരംഭിച്ച ചേലക്കോടൻ ആയിഷുമ്മ മ്യൂസിയമാണ് വിപുലമായ രീതിയിൽ സജ്ജമാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ സാക്ഷരത സമിതി യോഗം തീരുമാനിച്ചത്.

സമ്പൂർണ സാക്ഷരതായജ്ഞകാലത്തെ അപൂർവ ചിത്രങ്ങൾ, പഠനസാമഗ്രികൾ, കയ്യെഴുത്ത് പ്രതികൾ, സാക്ഷരതാ ചരിത്രരേഖകൾ തുടങ്ങിയവ സമാഹരിച്ച് മ്യൂസിയത്തിൽ സൂക്ഷിക്കും. അതോടൊപ്പം, നവോത്ഥാന കാലഘട്ടം മുതലുള്ള സാക്ഷരത തുടർവിദ്യാഭ്യാസ ചരിത്ര സന്ദർഭങ്ങൾ, സാക്ഷതാ തുടർ വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച സുപ്രധാന നേട്ടങ്ങൾ എന്നിവ രേഖപ്പെടുത്തുന്ന ഫലകങ്ങളും മ്യൂസിയത്തിൽ സ്ഥാപിക്കും. ഇതിനായി ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് പ്രത്യേക പോജക്ട് തയ്യാറാക്കും.
യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.വി.റീന, വി.പി.ജമീല, നിഷ.പി.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി.സുനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.ജി.ജോർജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിനു.പി.കുഞ്ഞപ്പൻ, സാക്ഷരതാമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.വി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.

ചേലക്കോടൻ ആയിഷുമ്മ

മലപ്പുറം ജില്ലയിലെ കാവനൂർ ഗ്രാമപഞ്ചായത്തിൽ ജനനം. എഴുത്തും വായനയും അറിയാത്ത ആയിഷുമ്മ സർക്കാരിന്റെ സമ്പൂർണ സാക്ഷരതാ പരിപാടിയിലൂടെയാണ് 58ാം വയസിൽ അക്ഷരപഠനം തുടങ്ങിയത്. നാലാംതരവും ഏഴാം തരവും പത്താം തരവും പാസായി. 12ാം തരം തുല്യതാ പരീക്ഷ പാസാവുകയും കമ്പ്യൂട്ടർ പരിജ്ഞാനവും നേടി. പഠനത്തിലെ മികവ് പരിഗണിച്ച് 1991 ഏപ്രിൽ 18ന് കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ സാന്നിധ്യത്തിൽ കേരളത്തിന്റെ സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം നടത്താൻ നിയോഗിക്കപ്പെട്ടു. 2023 ഏപ്രിൽ 18ന് സമ്പൂർണ സാക്ഷരതാ പ്രഖ്യാപന വാർഷിക ദിനത്തിൽ ചേലക്കോടൻ ആയിഷുമ്മ സ്മാരക മ്യൂസിയം കോഴിക്കോട് ജില്ലാപഞ്ചായത്ത് നിർമിച്ചു. കേരള സാക്ഷരതാ മിഷൻ ബ്രാൻഡ് അംബാസിഡർകൂടിയായ ആയിഷുമ്മ മരിച്ചത് 2023 ഏപ്രിൽ നാലിന്.