കോഴിക്കോട്: കാലവർഷം കൃഷിയിടങ്ങളിൽ വിതച്ചത് 5 കോടിയുടെ നഷ്ടം. ജൂൺ 10 മുതൽ ഇന്നലെ വരെയുള്ള കൃഷി വകുപ്പിന്റെ കണക്കുപ്രകാരം 1436 കർഷകരുടെ 70.88 ഹെക്ടറിലെ 514.57 കോടി രൂപയുടെ കൃഷിയാണ് നശിച്ചത്. പ്രധാനമായും വാഴകൃഷിക്കാണ് കനത്ത നഷ്ടം. 464.97 കോടി. 719 വാഴക്കർഷകരുടെ 37.18 എക്കറിലെ കൃഷിയാണ് നശിച്ചത്. ഇതിൽ 450.75 കോടിയുടെ കുലച്ച വാഴയും, 14.22 ലക്ഷം രൂപയുടെ കുലക്കാത്ത വാഴയും നിലംപൊത്തി. 75125 കുലച്ച വാഴകളാണ് നശിച്ചത്. കുന്ദമംഗലം, ചാത്തമംഗലം, മാവൂർ ,ബാലുശ്ശേരി തുടങ്ങിയ ഇടങ്ങളിലാണ് വിളവെടുക്കാൻ പാകമായ വാഴകൾ നശിച്ചത്. 365 തെങ്ങ് കർഷകരുടെ 26.59 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. ഇതിലൂടെ 38.50 ലക്ഷത്തിന്റെ നഷ്ടമാണുണ്ടായത്. 278 കമുക് കർഷകർക്ക് 3.94 ലക്ഷത്തിന്റെ നാശമുണ്ടായി. നെല്ല്, കപ്പ, റബർ കൃഷികളും നശിച്ചിട്ടുണ്ട്.